പ്ലാസ്റ്റിക് ഉപയോഗം വർധിക്കുന്നുപരിസ്ഥിതിക്ക് ഭീഷണി
പേരാമ്പ്ര: പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ അമിത ഉപയോഗം ദിവസം കഴിയുംതോറും വർധിക്കുന്നു. പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും ജനങ്ങളുടെ ആരോഗ്യത്തെയും സാരമായി ബാധിക്കുമെന്ന ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് ഉൾക്കൊണ്ട് ഇന്ത്യയും നിയമംമൂലം പ്ലാസ്റ്റിക്കിന്റെ ഉത്പാദനത്തിലും വിതരണത്തിലും നിയന്ത്രണം ഏർപ്പെടുത്തിയതാണ്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്ലാസ്റ്റിക് മുക്തപ്രദേശങ്ങളാക്കാൻ പരിശ്രമിക്കുകയും വിജയം കണ്ടെത്തുകയുംചെയ്ത സമയത്താണ് കൊറോണ എന്ന മാരക വൈറസ് ലോകത്തെയാകമാനം ഗ്രസിച്ചത്.കോവിഡ് വിപത്ത് ലോകത്തെമുഴുവൻ ലോക് ഡൗണിലാക്കിയപ്പോൾ സുരക്ഷിതമാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ജനങ്ങൾ തുണിസഞ്ചികൾ ഉപേക്ഷിക്കുകയും പ്ലാസ്റ്റിക്കിനെ സ്വീകരിക്കുകയും ചെയ്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും, സഞ്ചികളും സർവവ്യാപിയായി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വൻതോതിൽ വിപണിയിലെത്തുന്ന സാനിെറ്റെസറിന്റെയും, ഹാൻഡ് വാഷിന്റെയും പ്ലാസ്റ്റിക് ബോട്ടിലുകൾ പലരും ഉപയോഗശേഷം അലക്ഷ്യമായി വലിച്ചെറിയുന്നു. ഇതിന് കൃത്യമായ സംസ്കരണ സംവിധാനമില്ലാത്തിടത്തോളംകാലം ഭാവിയിൽ കോവിഡിനേക്കാൾ വലിയ ദുരന്തത്തെ നാം നേരിടേണ്ടി വരും. അതിനാൽ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനവും സംസ്കരണവും നടപ്പാക്കാൻ അധികൃതർ നടപടികൾ സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നു.
തയ്യാറാക്കിയത്
നൈന റഫീഖ്
എട്ടാംക്ലാസ് വിദ്യാർഥിനി
ഒലീവ് പബ്ലിക് സ്കൂൾ പേരാമ്പ്ര