reporter News

സംരക്ഷണം കാത്ത് ഒരു തോട്

പൂനൂർ: ഉണ്ണികുളം പഞ്ചായത്തിലെ എകരൂൽ പ്രദേശത്തു നിന്ന് ആരംഭിച്ച് പൂനൂർ  പെരിങ്ങളം ഭാഗത്തൂടെ പൂനൂർ പുഴയിലേക്ക് ഒഴുകിയെത്തുന്ന തോടിൻ്റെ ശോചനീയാവസ്ഥ പരിഹാരം തേടുകയാണ്. മുൻകാലങ്ങളിൽ പ്രദേശത്തിൻ്റെ ഏറ്റവും നല്ല ജലസ്രോതസ്സായിരുന്നു ഇത്.

പ്രദേശവാസികൾ ഈ ജലം അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇടക്കാലത്ത് ഈ ജലം മലിനപ്പെടാനുണ്ടായ കാരണം പ്ലാസ്റ്റിക് വസ്തുക്കളുടെ മനുഷ്യൻ്റെ അമിതമായ ഉപയോഗമാണ്. ചെറിയ തോതിലാണെങ്കിൽ പോലും ഈ തോട് മാലിന്യ കൂമ്പാരമായിക്കൊണ്ടിരിക്കുകയാണ്. പ്രദേശത്തെ കർഷകർക്ക് ഈ തോടിലുള്ള മാലിന്യ നിക്ഷേപം കാർഷിക രംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. തോടിൻ്റെ ഇരുവശങ്ങളിലും ഭിത്തി കെട്ടി സംരക്ഷിക്കാത്തത് കാരണം നല്ല മഴക്കാലത്ത് തോട് കവിഞ്ഞൊഴുകി വരമ്പ് ഇടിഞ്ഞ് സമീപത്തുള്ള കൃഷിയിടങ്ങളിലേക്ക് വഴിമാറി ഒഴുകുന്നത് പ്രാദേശിക കർഷകരുടെ  കണ്ണീരായി നിലനിൽക്കുന്നു.
ജനങ്ങളുടെ അശ്രദ്ധയും അവബോധമില്ലായ്മയും തോട് മലിനമാക്കുന്നതിൽ ഒരു പ്രധാന കാരണമാണ്. ആളുകൾ വലിച്ചെറിയുന്നതും ഒഴുകി വരുന്നതുമായ മാലിന്യങ്ങൾ തോടിനെ മലിനപ്പെടുത്തി അസുഖങ്ങൾ പടരുന്നതിൻ്റെ സാധ്യതകൾ ഉണ്ടാക്കുന്നു. ജൈവ, അജൈവ, മാലിന്യങ്ങൾ തോടിലൂടെ ഒഴുകി ചിലയിടങ്ങളിലായി കെട്ടിക്കിടക്കുന്നുമുണ്ട്.
 എല്ലാ വർഷവും തോടിൽ വേണ്ട രീതിയിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതുമൂലം തോട് ദിനംപ്രതി മലിനപ്പെടുന്ന അവസ്ഥയാണ്.മലിനപെട്ട ഈ തോട് തന്നെയാണ് പൂനൂർ പുഴയെ മലിനപ്പെടുത്തുന്നതിൽ പ്രധാന കാരണം.  ഈ തോടിന് തൊട്ടടുത്തുള്ള എൽ പി, യു പി സ്ക്കൂളുകളിലെ വിദ്യാർഥികൾക്ക് ഈ തോടിന്റെ ഇരുവശവും ഭിത്തിയും കൈവരിയും ഇടാത്തതുകാരണം അപകടസാധ്യതകൾ ഏറെയാണ്. വേനൽക്കാലങ്ങളിൽ തോടുകളിൽ തടയണ നിർമ്മിക്കാൻ ആവശ്യമായ നടപടികൾ അധികാരികൾ സ്വീകരിച്ചാൽ കൃഷിയിൽ ഏർപ്പെടുന്ന ആളുകൾക്ക് ജലം ഉപയോഗിച്ച് കാർഷിക മേഖലയിൽ വളർച്ച സൃഷ്ടിക്കുന്നതിൽ സഹായകരമാവും.
ഈ പ്രശ്നം പരിഹരിക്കുന്ന രീതിയിൽ പദ്ധതികൾ ആവിഷ്കരിക്കേണ്ടത് അനിവാര്യമാണ്. സർക്കാറിൻ്റെ ഇറിഗേഷൻ വകുപ്പ് അധികാരികൾ ഈ തോട് സംരക്ഷിക്കാൻ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.

സീഡ് റിപ്പോർട്ടർ
നിരഞ്ജന ലക്ഷ്മി
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി
ജി എച് എസ് എസ് പൂനൂർ

November 06
12:53 2020

Write a Comment