നിരോധിത പ്ലാസ്റ്റിക് കിറ്റുകളുമായി വഴിയോരക്കച്ചവടം
ആലപ്പുഴ: പ്ലാസ്റ്റിക് നിരോധന നിയമത്തിന് ഒരുവിലയും നൽകാതെ വഴിയോരക്കച്ചവടക്കാർ പ്രവർത്തിക്കുന്നു. നിരോധിത പ്ലാസ്റ്റിക് കിറ്റുകൾ വീശിക്കാണിച്ചുകൊണ്ടാണ് നഗരത്തിന്റെ പല ഭാഗങ്ങളിലും വഴിയോരക്കച്ചവടക്കാർ വഴിയാത്രക്കാരെ വിളിക്കുന്നത്. ഹോട്ടലുകളിൽ പാഴ്സൽ നൽകാനും പ്ലാസ്റ്റിക് ഉപയോഗിക്കുന്നു. അടുത്ത കാലത്തായി ലോട്ടറി ടിക്കറ്റുകളിലും പ്ലാസ്റ്റിക് ഇടംപിടിച്ചതായി കാണാൻ കഴിഞ്ഞു. കോവിഡിന്റെ കടന്നുവരവോടെ എല്ലാവരുടെയും ശ്രദ്ധ രോഗവ്യാപനം തടയുന്നതിലേക്കായതോടെയാണ് പ്ലാസ്റ്റിക് ഉപയോഗം വീണ്ടും വ്യാപകമായത്. സീഡ് വിദ്യാർഥികളായ ഞങ്ങളുൾപ്പെടെ പലരും പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് ബദൽസംവിധാനമായി തുണിസഞ്ചികളും പേപ്പർബാഗുകളും കുടസഞ്ചികളുംവരെ നിർമിക്കുകയും ഇവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടും പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം വീണ്ടും വർധിച്ചത് ആശങ്കയുളവാക്കുന്നു. നഗരത്തെ പ്ലാസ്റ്റിക് വിമുക്തമാക്കാനും വരുംനാളുകളെ പ്ലാസ്റ്റിക്കിന്റെ ഭീഷണിയിൽനിന്ന് സംരക്ഷിക്കാനും അധികൃതർ കർശനമായ നടപടികൾ സ്വീകരിക്കണം.
എ. ആവണി
സീഡ് റിപ്പോർട്ടർ
ടൈനി ടോട്സ് ജൂനിയർ സ്കൂൾ,
തോണ്ടൻകുളങ്ങര
December 29
12:53
2020