കല്ലുകുളം സംരക്ഷിക്കാൻ ഗ്രാമസഭ
ചാരുംമൂട്: ചരിത്രപ്രാധാന്യമുള്ള താമരക്കുളം വേടരപ്ലാവ് പടിഞ്ഞാറ് പതിനേഴാം വാർഡിലെ കല്ലുകുളം സംരക്ഷിക്കാൻ ഞായറാഴ്ച ചേർന്ന ഗ്രാമസഭായോഗത്തിൽ തീരുമാനം. രണ്ടുനൂറ്റാണ്ടിലേറെ പഴക്കമുള്ള കല്ലുകുളം ജീർണാവസ്ഥയിലാണ്. കുളം പുനരുദ്ധരിച്ച് പ്രാദേശികവും പൈതൃകപരവുമായ സംസ്‌കാരം വരുംതലമുറയ്ക്ക് പകർന്നുനൽകണമെന്ന് ആവശ്യപ്പെട്ട് ചാരുംമൂട് സെയ്ന്റ് മേരീസ് എൽ.പി.എസിലെ സീഡ് റിപ്പോർട്ടർ ദേവനന്ദ ‘മാതൃഭൂമി’യിൽ ഞായറാഴ്ച വാർത്ത നൽകിയിരുന്നു.
ഈവാർത്ത ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു ഗ്രാമസഭയിൽ അവതരിപ്പിച്ചു. വാർഡംഗം ബി. പ്രകാശ്, കല്ലുകുളം സംരക്ഷിക്കുമെന്ന് യോഗത്തിൽ പ്രഖ്യാപിച്ചു. കുളത്തിലെവെള്ളം ശുദ്ധീകരിച്ച് പടവുകൾ വൃത്തിയാക്കി വേലികെട്ടി സംരക്ഷിക്കാനാണ് തീരുമാനം. വിദഗ്ധരുമായി കൂടിയാലോചിച്ചായിരിക്കും പണികൾ.
പുതിയ ഭരണസമിതി നിലവിൽവന്നശേഷമുള്ള പഞ്ചായത്തിലെ ആദ്യഗ്രാമസഭാ യോഗമാണ് ഞായറാഴ്ച ചേർന്നത്. ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി, ബ്ലോക്ക് പഞ്ചായത്തംഗം ശാന്തി സുഭാഷ്, ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ബി. ഹരികുമാർ, അംഗങ്ങളായ റഹ്മത്ത്, അത്തുക്കാബീവി തുടങ്ങിയവർ പങ്കെടുത്തു.
കായംകുളം രാജാവ്, പന്തളം രാജാവിനെ കാണാൻ പോകുന്ന യാത്രാമധ്യേ വിശ്രമിക്കാനായി വേടരപ്ലാവ് കടമ്പാട്ട് ക്ഷേത്രത്തിനുസമീപം കളിത്തട്ട് നിർമിച്ചിരുന്നു. ഇതിനുസമീപം പരിവാരങ്ങൾക്ക് കുളിക്കുന്നതിനുംമറ്റുമായി നിർമിച്ച കുളമാണ് കല്ലുകുളമെന്നാണ് ചരിത്രം. ഇതിന്റെ പ്രവേശനകവാടം ഗുഹയുടെ ആകൃതിയിലാണ്. കുളത്തിന്റെ പടവുകളിൽ കൊത്തിവച്ചിട്ടുള്ള പുരാരേഖകൾ പരിശോധിച്ചാൽ പ്രാധാന്യം എത്രത്തോളമെന്ന് മനസ്സിലാക്കാമെന്നും സീഡ് റിപ്പോർട്ടർ പറഞ്ഞിരുന്നു.
February 01
12:53
2021