SEED News

കൃഷിയിൽ തിളങ്ങി എട്ടാംക്ലാസുകാരൻ

എകരൂൽ: പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയും ‘മാതൃഭൂമി’ സീഡ് ക്ലബ്ബ് അംഗവുമായ മുഹമ്മദ് താജു അൽത്താഫിന്റെ കാർഷികപ്രവർത്തനങ്ങൾ ശ്രദ്ധനേടുന്നു. വീടിന്റെ ടെറസിന് മുകളിൽ മണ്ണെത്തിച്ച് ചെറിയചാക്കുകളിൽ നിറച്ച് വിവിധയിനം പച്ചക്കറികൾ വിജയകരമായി വിളയിച്ചും വീട്ടുവളപ്പിൽ മീൻവളർത്തിയുമാണ് അൽത്താഫ് തന്റെ കാർഷിക രംഗത്തെ മികവുതെളിയിക്കുന്നത്.

തക്കാളി, കാബേജ്, കാരറ്റ്, പച്ചമുളക്, കസ്, ബ്രോക്കോളി എന്നിവ കൃഷിചെയ്ത് വിളവെടുക്കുന്നുണ്ട്. മത്സ്യങ്ങളെ വളർത്താൻ കുളംനിർമിച്ചതും സ്വന്തംപ്രയത്നത്തിലൂടെത്തന്നെ. നാലരമീറ്റർ നീളവും രണ്ടുമീറ്റർ വീതിയും ഒരുമീറ്റർ താഴ്ചയുള്ളതുമായ കുഴിയെടുത്ത് വെള്ളം നിലനിർത്തി കാർപ്പ്, തിലോപ്പിയ എന്നിയിനങ്ങളിൽപ്പെട്ട മത്സ്യങ്ങളെ വളർത്തുന്നു.

ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ കാന്തപുരത്ത് കല്ലുവീട്ടിൽ അബ്ദുൾറഫീക്കിന്റെയും സുരയ്യയുടെയും മകനായ അൽത്താഫ് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുമാണ്.

സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്ററും അധ്യാപകനുമായ സിറാജുദ്ദീൻ പന്നിക്കോട്ടൂരിന്റെയും സഹാധ്യാപകരായ എ.പി. ജാഫർസാദിഖ്, അബ്ദുൾ ലത്തീഫ് എന്നിവർ കാർഷികപ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവുമായി രംഗത്തുണ്ട്.

April 02
12:53 2021

Write a Comment

Related News