SEED News

അടച്ചിടൽ കാലത്തും ഊർജമായി അവർ

മങ്കര വെസ്റ്റ് ബേസിക് ആൻഡ്‌ യു.പി. സ്‌കൂളിന് സീഡ് വിശിഷ്ടഹരിതവിദ്യാലയ പുരസ്കാരം അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്‌കൂളിന് രണ്ടാംസ്ഥാനം മൂന്നാംസ്ഥാനം കാഞ്ഞിരപ്പള്ളി സെയ്‌ന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്‌

കോഴിക്കോട്: കോവിഡ് മഹാമാരിയുടെ അടച്ചിടലുകളും കാൽച്ചങ്ങലകളും മനുഷ്യനിലെ കർമശേഷിയെ ഇല്ലാതാക്കുന്നില്ല എന്ന് തെളിയിക്കുന്നതായി 2020-‘21 സ്‌കൂൾ വർഷത്തെ മാതൃഭൂമി ഫെഡറൽ ബാങ്ക് സീഡ് പുരസ്‌കാരങ്ങൾ. വീടുകളുടെ അകത്തിരിക്കുമ്പോഴും വിദ്യാർഥികളുടെ മനസ്സുകളിൽ നവം നവങ്ങളായ ആശയങ്ങൾ വിരിഞ്ഞു;

ഓൺലൈനുകളിലൂടെ അവ ഒഴുകി, വെബിനാറുകളായും വാർത്തകളായും പുതിയ ചിന്തകളും പദ്ധതികളും പ്രകാശിച്ചു. കിട്ടുന്ന ഇടവേളകളിൽ അവർ പ്രതിസന്ധികളെ തരണംചെയ്ത് നെല്ലും പച്ചക്കറികളും പഴവർഗങ്ങളും വിളയിച്ചു. മരങ്ങൾ നട്ട് പരിപാലിച്ചു, പാലക്കാട് ജില്ലയിലെ മങ്കര വെസ്റ്റ് ബേസിക് ആൻഡ്‌ യു.പി. സ്‌കൂളാണ് ഇത്തവണ സംസ്ഥാനതലത്തിൽ വിശിഷ്ട ഹരിതവിദ്യാലയ പുരസ്കാരത്തിന് അർഹമായത്. കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്‌കൂൾ രണ്ടാംസ്ഥാനവും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സെയ്‌ന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനം നേടിയ സ്‌കൂളിന് ഒരു ലക്ഷം രൂപയുടെ കാഷ് അവാർഡ് ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം എഴുപത്തിയയ്യായിരം, അൻപതിനായിരം രൂപ വീതവും ലഭിക്കും.

എല്ലാവർക്കും കാഷ്‌ അവാർഡിനൊപ്പം പ്രശസ്തിപത്രവും ലഭിക്കും.

ഇല്ലാതാകുമായിരുന്ന സ്കൂളിൽ നിന്നുള്ള പ്രകാശം12


‘ഇല്ലാതാകുമായിരുന്ന സ്‌കൂളി’ൽനിന്നുള്ള പ്രകാശം


കോഴിക്കോട്: മാതൃഭൂമി സീഡിന്റെ അവസാനഘട്ട മൂല്യനിർണയത്തിലേക്ക് പരിഗണിക്കപ്പെട്ട 2000 റിപ്പോർട്ടുകളിൽനിന്നാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. വീടുകളിൽ ഇരുന്ന് ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തി വിദ്യാർഥികൾ നടത്തിയ പ്രവർത്തനങ്ങൾകൂടി ക്രോഡീകരിച്ചാണ് സ്കൂളുകൾ ഈ വർഷം അവാർഡിന് പരിഗണിക്കാനുള്ള റിപ്പോർട്ടുകൾ സമർപ്പിച്ചത്. കോവിഡ് ബോധവത്‌കരണം, വിദ്യാർഥികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തിയുള്ള വെബിനാറുകൾ, മാസ്‌ക്കുകൾ നിർമിച്ച് വിതരണം ചെയ്യൽ, വീടുകളിലെ പച്ചക്കറികൃഷി, സീഡ് റിപ്പോർട്ടർമാരായ വിദ്യാർഥികൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവന്ന വാർത്തകൾ, അവയിൽ ചിലതിൽ ഉണ്ടായ സർക്കാർ ഇടപെടലുകൾ ഇങ്ങനെ മഹാമാരിക്കാലത്തെ അതിജീവിക്കുന്നതിന് സഹായകമായ ഒട്ടേറെ പ്രവർത്തനങ്ങൾ സീഡ് വിദ്യാർഥികളും അധ്യാപകരും ഈ വർഷം മാതൃകാപരമായി നടപ്പാക്കി. ഇരുനൂറിൽ അധികം വാർത്തകളാണ് കൂട്ടികൾ മാതൃഭൂമിയിലൂടെ പ്രസിദ്ധീകരിച്ചത്. സംഘടിപ്പിച്ച വെബിനാറുകളുടെ എണ്ണം ആറായിരത്തിൽ അധികം വരും. വീടുകളിൽ വിളയിച്ച പച്ചക്കറികളുടെ കണക്ക് 1,37,691 കിലോഗ്രാമാണ്. കോവിഡ് കാലത്തെ അതിജീവിച്ച് കുട്ടികളും അധ്യാപകരും നടത്തിയ പ്രവർത്തനങ്ങൾക്ക് പത്തരമാറ്റ് തിളക്കമുണ്ടെന്ന് അവാർഡ് നിർണയിച്ച വിദഗ്ധ സമിതി വിലയിരുത്തി.

കൂട്ടായ പ്രവർത്തനങ്ങളിലൂടെ വലിയ വിജയം

മങ്കര വെസ്റ്റ് ബേസിക് ആൻഡ്‌ യു.പി.സ്കൂൾ അൺ ഇക്കണോമിക് പട്ടികയിലുൾപ്പെട്ട് എന്നന്നേക്കുമായി ഇല്ലാതാകുമായിരുന്ന ഒരു വിദ്യാലയമാകുമായിരുന്നു. കൂട്ടായപ്രവർത്തനങ്ങളിലൂടെ വലിയ വിജയം കരസ്ഥമാക്കിയ കഥയാണ് മങ്കര വെസ്റ്റ് ബേസിക് യു.പി.സ്കൂളിന്റേത്. സ്കൂളിൽ അധ്യയനം ഇല്ലാതിരുന്നിട്ടും എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് കലാ, കായിക, ആരോഗ്യ, ശുചിത്വ, സർഗാത്മക പരിശീലന പരിപാടികൾ ഓൺലൈൻ വഴി സംഘടിപ്പിക്കുകയായിരുന്നു.

എല്ലാ കുട്ടികളുടെ വീടുകളിലും അടുക്കളത്തോട്ടം നിർമിച്ചു. സ്കൂൾ തോട്ടത്തിൽ വൈവിധ്യമാർന്ന പച്ചക്കറികൾ വിളയിച്ചെടുത്തു. ഒരു ഏക്കർ നെൽപ്പാടം പാട്ടത്തിനെടുത്ത് പി.ടി.എ.യുടെ സഹകരണത്തോടെ നെല്ല് വിളയിച്ചു.

വിളവായി ലഭിച്ച ഒരു ടൺ നെല്ല് വിറ്റുകിട്ടിയ ലാഭമാണ് സീഡ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചത്. പ്രകൃതി സൗഹൃദ പ്ലക്കാർഡുകളും പോസ്റ്ററുകളും സ്ഥാപിച്ച് ബോധവത്‌കരണപ്രവർത്തനങ്ങളും സജീവമാക്കി. സീഡ് കോ-ഓർഡിനേറ്ററായ കെ.പി. കൃഷ്ണനുണ്ണി, പ്രഥമാധ്യാപകൻ എം. സേതുമാധവൻ, മുൻ പ്രധാനാധ്യാപിക എൻ.വി. ഇന്ദിര, പി.ടി.എ. ഭാരവാഹിയായ എം.പി. ജയപ്രകാശ്, വി. രതി, ടി. വിജയലക്ഷ്മി എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

നിരന്തരപ്രവർത്തനങ്ങളിലൂടെ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്‌കൂൾ

സീഡ് തുടങ്ങിയ കാലംമുതൽ പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു രണ്ടാംസ്ഥാനം നേടിയ കണ്ണൂർ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്‌കൂൾ. കോവിഡ് ജാഗ്രതയുടെ ഭാഗമായി മാസ്‌ക്കുകൾ നിർമിച്ചു. ജയിൽ, പോലീസ് സ്റ്റേഷൻ, അമല ഭവൻ എന്നിവിടങ്ങളിലാണ് മാസ്‌ക് വിതരണം ചെയ്തത്. ആരോഗ്യ സർവേ നടത്തി. ആരോഗ്യപ്രവർത്തകർക്കൊപ്പം മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടു.

‘എന്റെ കൃഷി’ പദ്ധതിയിൽ സ്കൂളിലെ അൻപതോളം കുട്ടികൾ പങ്കെടുത്തു. ഇതര സംസ്ഥാനത്തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റുകൾ നൽകി. ജീവിതശൈലീരോഗങ്ങൾ, കൃഷി, മാസ്‌ക് ശാസ്ത്രീയമായി ധരിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വെബിനറുകൾ സംഘടിപ്പിച്ചു. സീഡ് കോ-ഓർഡിനേറ്ററായ പി.വി. ജ്യോതി, പ്രധാനാധ്യാപിക എ.പി.എം. രമാദേവി, പി.ടി.എ. ഭാരവാഹി എം.വി. അനിൽകുമാർ എന്നവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

പുഴകളെ വീണ്ടെടുത്ത്‌ സെയ്‌ന്റ്‌ മേരീസ് ഗേൾസ് ഹൈസ്‌കൂൾ

വിദ്യാർഥികൾ ഉൾപ്പെട്ട വാട്‌സാപ്പ് കൂട്ടായ്മ രൂപവത്‌കരിച്ചാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കാഞ്ഞിരപ്പള്ളി സെയ്‌ന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ സീഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ‘സ്മൃതിമരം’ പദ്ധതിയുടെ ഭാഗമായി ഇവിടെ വിദ്യാർഥികൾ വീടുകളിൽ 730 മരങ്ങൾ നട്ട് പരിപാലിക്കുന്നു. വിവിധ വിഷയങ്ങളിൽ അമ്പതിൽപ്പരം വെബിനാറുകൾ നടത്തി. ലോക്‌ഡൗൺ കാലത്ത് ‘സാന്ത്വനം സീഡ് കുടുക്ക’ എന്ന പദ്ധതിയിലൂടെ സഹായങ്ങൾ എത്തിച്ചു. കുട്ടികൾ തന്നെ മാസ്‌ക് തയ്ച്ച് സൗജന്യമായി നൽകി.

തിരഞ്ഞെടുപ്പ് കാലത്ത് കോവിഡ് മാനദണ്ഡം പാലിക്കുന്നതിനായി ലഘുലേഖ വിതരണം ചെയ്തു. ‘നാടിന്റെ പോരാളികൾക്ക് സീഡിന്റെ സലൂട്ട്’ എന്ന പേരിൽ ആരോഗ്യപ്രവർത്തകരെ ആദരിച്ചു. ചിറ്റാർ പുഴയെ ഏറ്റെടുക്കുകയും അതിനെ വീണ്ടെടുക്കാനായി ‘വീണ്ടെടുക്കാം പുഴകളെ’ എന്ന പേരിൽ പുതിയ കർമപദ്ധതി ആരംഭിക്കുകയും ചെയ്തു. സീഡ് കോ-ഓർഡിനേറ്ററായ സിസ്റ്റർ ജിജി പി. ജെയിംസ് പ്രഥമാധ്യാപിക സി. ഡെയ്‌സി മരിയ, പി.ടി.എ.ഭാരവാഹി പി. പ്രമോദ്, മാനേജർ സി. ജാൻസി മറിയ, കോർപ്പറേറ്റ് മാനേജർ ഡൊമനിക് അയലുപറമ്പിൽ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

April 27
12:53 2021

Write a Comment

Related News