SEED News

പരിസ്ഥിതിയെ സ്നേഹിച്ച് കർമോത്സുകരായി

തൊട്ടതെല്ലാം പൊന്നാക്കി ചാരമംഗലം സ്കൂൾ  
കഞ്ഞിക്കുഴി: തൊട്ടതെല്ലാം പൊന്നാക്കുന്ന ചാരമംഗലം സ്കൂളിന് മാതൃഭൂമി സീഡ് ചേർത്തല വിദ്യാഭ്യാസജില്ലാ ഹരിതവിദ്യാലയം പുരസ്കാരം അർഹതയ്ക്കുള്ള അംഗീകാരമായി. ജൈവകൃഷിക്ക് പേരുകേട്ട കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്തിലെ പൊതുവിദ്യാലയമാണിത്. വിദ്യാർഥികളിൽ ഭൂരിപക്ഷവും പച്ചക്കറിക്കൃഷിയുടെ ബാലപാഠം നന്നായി അറിയാവുന്നവരാണ്. വീട്ടിലെ കൃഷി സ്കൂളിലും നടപ്പാക്കിയപ്പോഴാണ് പുരസ്കാരം ലഭിച്ചത്. 
കരനെൽക്കൃഷിമുതൽ ശലഭോദ്യാനംവരെ അടച്ചുപൂട്ടലിന്റെ നാളുകളിലും ചാരമംഗലം സ്കൂളിലെ കൃഷിത്തോട്ടത്തിൽ പച്ചപ്പു കാണാമായിരുന്നു. സ്കൂളിലെ അഞ്ചുസെന്റ് സ്ഥലത്തു കരനെൽക്കൃഷി തുടങ്ങിയിട്ട് 10 വർഷമായി. പതിവുപോലെ ഇത്തവണയും ഉമ വിത്തുവിതച്ചു. മികച്ച വിളവുകിട്ടി. സ്കൂളിന് സമീപത്തു താമസിക്കുന്ന കുട്ടികൾക്കായിരുന്നു കൃഷിയുടെ ചുമതല. ചീരക്കൃഷിയിലും നൂറുമേനി വിളവാണ് കിട്ടിയത്. കുട്ടികളുടെ വീടുകളിൽ പച്ചക്കറിത്തോട്ടം ഒരുക്കി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗം ചേർന്ന് മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ ഹരിതശോഭ രചിച്ചു. സ്കൂളിലെ മത്സ്യക്കൃഷിയും മികച്ച നേട്ടമാണ് ഉണ്ടാക്കിയത്. കാരി, തിലോപ്പി തുടങ്ങിയ മത്സ്യങ്ങളാണ് കൃഷി ചെയ്തത്. കോവിഡ് പ്രതിരോധം  അടച്ചുപൂട്ടിലിന്റെ നാളുകളിൽ മാതൃകാപരമായ ഇടപെടലുകളാണ് ചാരമംഗലം സ്കൂളിലെ സീഡ് കുട്ടികൾ നടത്തിയത്. മാസ്ക് ഉപയോഗിക്കുന്നവർക്ക് മാസ്ക് സൗജന്യമായി നൽകി വേറിട്ടരീതിയിൽ ബോധവത്കരണം നടത്തി. സാനിറ്റൈസർ വിതരണവും സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് ഭക്ഷ്യകിറ്റ് വിതരണവും നടത്തി. പരിസ്ഥിതി ദിനത്തിൽ പോസ്റ്റർ രചനാ മത്സരം നടത്തി കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ എന്ന വിഷയത്തിൽ വെബിനാർ 
നടത്തി. സീഡ് ജില്ലാതലത്തിൽ നടത്തിയ ഓൺലൈൻ ക്വിസ്സിൽ സ്കൂളിലെ ഒരു കുട്ടി ഒന്നാം സ്ഥാനം നേടി, വീടുകളിൽ ലൈബ്രറി പദ്ധതി ആരംഭിച്ചു, സൈബർ സുരക്ഷാ ക്ലാസ് നടത്തി. എം.പി. വീരേന്ദ്രകുമാറിന് സ്മൃതി മരം, സുഗതകുമാരിക്ക്‌ സ്മൃതി വനം തുടങ്ങിയ വ്യത്യസ്തമായ പരിപാടികളാണ് ചാരമംഗലം സ്കൂൾ നടത്തിയത്. പ്രധാന അധ്യാപിക ടി.ജി. ഗീതാദേവി, സീഡ് കോ- ഓർഡിനേറ്റർ സിനി പൊന്നപ്പൻ, പി.ടി.എ. പ്രസിഡന്റ് പി. അക്ബർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ 
നടന്നത്.
ഹരിതവിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം 
തിരുനല്ലൂർ ഗവ. എച്ച്.എസ്.എസിന്
: അപ്രതീക്ഷിതമായി വീട്ടിലകപ്പെട്ടപ്പോഴും വിദ്യാർഥികൾ പരിസ്ഥിതിയെ കൈവിടാതെ നടത്തിയ പ്രവർത്തന മികവാണ് തിരുനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയം രണ്ടാം സ്ഥാനത്തിന് അർഹമാക്കിയത്. ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും സന്നിവേശിപ്പിച്ചാണ് സീഡ് പ്രവർത്തകർ മഹാമാരി കാലത്തെ നേരിട്ടത്. വെബിനാറുകളിലൂടെ അറിവുകൾ പങ്കിട്ടവർ ജൈവമാഗസിൻ പോലും തയ്യാറാക്കി. വീട്ടിലിരിക്കേണ്ടിവന്നപ്പോഴും സ്വന്തം മണ്ണിൽ കാർഷികവൃത്തികളിലേർപ്പെട്ടു 
അവർ.  മഹാമാരിയെ മറികടക്കാൻ മാസ്ക്, സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവയുടെ ഉപയോഗത്തെക്കുറിച്ച് ബോധവത്കരണം നടത്തി. ഇതിനായി പോസ്റ്ററുകൾ സ്വയം നിർമിച്ചു. പൂമ്പാറ്റയ്ക്കായി പൂന്തോട്ടം നിർമിച്ച കുട്ടികൾ മാതൃഭൂമി മുൻ മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാറിന്റെയും കവയിത്രി സുഗതകുമാരിയുടെയും ഓർമയ്ക്കായി സ്മൃതിവനവും നിർമിച്ചു.
 നാട്ടു മാഞ്ചോട്ടിൽ, എൽ.ഇ.ഡി.ബൾബ് നിർമാണ ശില്പശാല എന്നിവയും പുരസ്കാരനിർണയത്തിൽ പ്രധാനമായി.

ഹരിതവിദ്യാലയം മൂന്നാം സ്ഥാനം തമ്പകച്ചുവട് ഗവ.യു.പി. സ്കൂളിന്
:കരുതലിന്റെയും അതിജീവനത്തിന്റെയും പുതിയ പാഠങ്ങൾ പകർന്നു നൽകിയാണ് തമ്പകച്ചുവട് ഗവ.യു.പി. സ്കൂൾ സീഡ്-പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ചേർത്തല വിദ്യാഭ്യാസജില്ലയിൽ ഹരിതവിദ്യാലയ പുരസ്കാരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. കോവിഡിനെതിരേ വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും ബോധവത്കരിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കരുതലിന്റെ ഭാഗമായി സഹപാഠികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ ടി.വി. തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂളിനടുത്തുള്ള വീടുകളിലും കടകളിലും സാനിറ്റൈസറും മാസ്കുകളും വിതരണം ചെയ്തു. അടച്ചിടൽ കാലത്തിന്റെ വിരസതയകറ്റാൻ കൂട്ടുകാരുടെയും അധ്യാപകരുടെയും മുന്നിൽ തങ്ങളുടെ കഴിവു തെളിയിക്കാനുമുള്ള അവസരം സ്കൂളിലെ എല്ലാ കുട്ടികൾക്കും ലഭിച്ചു. സ്കൂൾ റേഡിയോ ആയ 'റേഡിയോ തമ്പക' യുടെ ആഭിമുഖ്യത്തിൽ എല്ലാദിവസവും കുട്ടികൾ വിവിധ മേഖലകളിൽ തങ്ങൾക്കുള്ള കഴിവുകൾ പ്രദർശിപ്പിച്ചു. ഹരിത ഭക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഹരിത ഭക്ഷണമേള സംഘടിപ്പിച്ചു. മൈക്രോ ഗ്രീൻ, ഹൈഡ്രോപോണിക്സ് തുടങ്ങിയ പുതിയ കൃഷിരീതികൾ കുട്ടികളിൽ പ്രചരിപ്പിച്ചതിലൂടെ കൊച്ചുകുട്ടികളെപ്പോലും കൃഷിയിലേക്ക് ആകർഷിച്ചു.സാമൂഹികബോധമുള്ള ഉത്തമപൗരന്മാരായി വളരാനും സീഡ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്കു സാധിക്കുന്നുണ്ട്. അതിനുദാഹരണമാണ് ആലപ്പുഴ -മധുര റോഡിലുള്ള അപകടക്കെണിയെക്കുറിച്ച് സീഡ് റിപ്പോർട്ടർ അക്ഷര എ.പൈ. നൽകിയ വാർത്തയും അതിന് ഉടനടി അധികാരികൾ എടുത്ത നടപടിയും. റോഡിനോട് ചേർന്നുള്ള  കൈത്തോട് രാത്രി ഇരുചക്രവാഹന യാത്രികർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയാണ് നടപടിയെടുപ്പിച്ചത്.
സീഡ് ബോളും ഫലവൃക്ഷവിത്തും നൽകി സീഡ് ചലഞ്ചിന് തുടക്കം കുറിച്ചു. എം.പി. വീരേന്ദ്രകുമാർ, സുഗതകുമാരി തുടങ്ങിയവരുടെ ഓർമയ്ക്കായി സ്മൃതി മരവും സ്മൃതി വനവും നട്ടു പരിപാലിക്കുന്നു. ‌

May 04
12:53 2021

Write a Comment

Related News