SEED News

ആലങ്ങാട് ജമാ അത്ത് പബ്ലിക് സ്‌കൂളിന് സീഡ് പുരസ്‌കാരം

കരുമാല്ലൂർ: പഠനത്തോടൊപ്പം പ്രകൃതിയോടിണങ്ങിയുള്ള ജീവിതവും വിദ്യാർഥികളെ പരിചയപ്പെടുത്തിയ സ്കൂളിന് ‘മാതൃഭൂമി സീഡ്’ പുരസ്കാരം. മഹാമാരിയുടെ പിടിയിലകപ്പെട്ട സമൂഹത്തിന് കൈത്താങ്ങായും മരങ്ങളുടെ സംരക്ഷകരായും പക്ഷിജാലങ്ങൾക്ക് ജീവജലം നൽകിയും ആലങ്ങാട് ജമാ അത്ത് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ നേടിയെടുത്തത് ആലുവ വിദ്യാഭ്യാസ ജില്ലയിലെ മികച്ച മൂന്നാമത്തെ സ്കൂളിനുള്ള ബഹുമതി.

പൂന്തോട്ടവും പച്ചക്കറിത്തോട്ടവും നക്ഷത്രവനവുമെല്ലാം സ്കൂൾ അങ്കണത്തിൽ പരിപാലിച്ചുപോരുന്നുണ്ട്. സീതപ്പഴവും മധുരാമ്പഴവും ഞാവലും സ്റ്റാൻഫ്രൂട്ടുമെല്ലാം കായ്ഫലങ്ങൾ നൽകിത്തുടങ്ങിയിട്ടുണ്ട്. സ്കൂളിൽ നിന്നുള്ള ഈ പ്രചോദനം ഉൾക്കൊണ്ട് കുട്ടികൾ അവരുടെ വീടുകളിലും മട്ടുപ്പാവ് കൃഷികളും പൂന്തോട്ടവുമെല്ലാം ഒരുക്കിയിട്ടുണ്ട്.

മൈക്രോഗ്രീൻസ്, തിരി നന, ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകൾ തലകീഴായി തൂക്കിയിട്ട് അതിൽ തക്കാളിച്ചെടികൾ നട്ടുവളർത്തുക എന്നിവയിലും കുട്ടികൾ കൗതുകം കണ്ടെത്തുന്നുണ്ട്.

ജൈവ കീടനാശിനികൾ പരിചയപ്പെടുത്തിക്കൊണ്ട് പത്താം ക്ലാസുകാരി ഷഹർബാൻ ഒരു വീഡിയോതന്നെ ചെയ്തു. ‘പുതിയ കാലത്തിന് പുതിയ ശീലങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി ഐന നഫീസ എന്ന വിദ്യാർഥിനി ചെയ്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചിരുന്നു.

സ്കൂളിൽ കോവിഡ് ഫയൽ സൂക്ഷിക്കുകയും അധ്യാപകരുടേയും വിദ്യാർഥികളുടേയും ദിനംപ്രതിയുള്ള ആരോഗ്യ വിവരങ്ങൾ ആരോഗ്യ വകുപ്പിന് സമർപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്കൂളിലെ തോട്ടത്തിൽനിന്ന്‌ ലഭിക്കുന്ന പനിക്കൂർക്ക, മുല്ലപ്പൂവ് എന്നിവ ഉപയോഗിച്ച് സോപ്പ്, സാനിറ്റൈസർ എന്നിവ തയ്യാറാക്കി. സാനിറ്റൈസർ, മാസ്ക് എന്നിവ വിതരണം നടത്തുകയും ചെയ്തു. കുട്ടികൾ വിദ്യാലയത്തിലും വീടുകളിലും ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ മറ്റു വീടുകളിലേക്കും കൈമാറി ഈ കോവിഡ്കാലത്ത് മാതൃകയായി.

കരുമാല്ലൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ കുട്ടികൾക്കു വേണ്ടി ആരോഗ്യ ബോധവത്കരണ ക്ലാസും ജലത്തിന്റെ അമിതോപയോഗം തടയുന്നതിന് ജലസംരക്ഷണത്തെക്കുറിച്ച് ബോധവത്കരണവും നടത്തി. ഓൺലൈനിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. സൈബർ സുരക്ഷാ ക്ലാസ് നടത്തി. കുട്ടികൾ വീടുകളിൽ ലൈബ്രറി തുടങ്ങി.

അന്യംനിന്നു പോകുന്ന സസ്യങ്ങൾ നട്ടുകൊണ്ട് ‘പുനർജനിമൂല’ ഒരുക്കി. ‘സ്മൃതിവനം’, ‘സ്മൃതിമരം’ പദ്ധതികൾ സ്കൂളിൽ നടപ്പാക്കി പരിപാലിച്ചുപോരുന്നു. പ്രാദേശിക പാരിസ്ഥിതിക പ്രശ്നങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരാൻ സ്കൂളിലെ സീഡ് റിപ്പോർട്ടർമാർക്ക് കഴിഞ്ഞിട്ടുണ്ട്.

സ്കൂളിൽ ‘സീഡ് ക്ലബ്ബ്’ അംഗങ്ങൾക്കും മറ്റ് വിദ്യാർഥികൾക്കും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിന് നേതൃത്വം നൽകുന്നത് പി.എ. സൈദ്, പ്രിൻസിപ്പൽ സി.പി. ജയശ്രീ, കോ-ഒർഡിനേറ്റർ ഖയറുന്നീസ, അധ്യാപികയായ ജൂലി എന്നിവരാണ്.

May 05
12:53 2021

Write a Comment