SEED News

ഹരിതവിദ്യാലയം ഒന്നാം സ്ഥാനം

ലോക്ഡൗൺ ഓർമമരം ചലഞ്ചിൽ വൃക്ഷത്തൈകൾ നട്ട് വി.വി.എച്ച്.എസ്.എസ്. താമരക്കുളം   
ചാരുംമൂട്: ലോക്ഡൗൺ ഓർമമരം ചലഞ്ചിൽ 240-ഓളം വൃക്ഷങ്ങളുടെ തൈകൾ നട്ട് സംരക്ഷിക്കുന്ന താമരക്കുളം വി.വി. ഹയർസെക്കൻഡറി സ്കൂളിനാണ് മാവേലിക്കര വിദ്യാഭ്യാസ ജില്ലാ ഹരിതവിദ്യാലയം ഒന്നാം സ്ഥാനം. കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിലാണ് സീഡ് ക്ലബ്ബ് അംഗങ്ങൾ വൃക്ഷത്തൈകൾ നട്ടത്. മാസ്ക് നിർമാണം, ഉദ്യാനങ്ങൾ, ഔഷധത്തോട്ടങ്ങൾ, കുട്ടികളുടെ നഴ്‌സറി, ബോട്ടിൽ ആർട്ട്, ജൈവ കൃഷി, കോഴി വളർത്തൽ എന്നിവയും കുട്ടികൾ ഏറ്റെടുത്ത് ലോക്ഡൗൺ ക്രിയാത്മകമാക്കി. വൈക്കോലിനു പകരം അറക്കപ്പൊടി ഉപയോഗിച്ചു കൂൺകൃഷി ചെയ്തു ധാരാളം വിളവെടുത്തു. ലൗവ് പ്ലാസ്റ്റിക്കിന്റെ ഭാഗമായി 200 കിലോഗ്രാം പ്ലാസ്റ്റിക് ശേഖരിച്ച് റീസൈക്ലിങ്ങിനായി നൽകി. കുട്ടികളുടെ വീടുകളിൽ ജൈവകൃഷി നടത്തി മെച്ചപ്പെട്ട രീതിയിൽ വിളവെടുത്തു.
കൃഷി, പ്രകൃതിസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് വെബിനാറുകൾ നടത്തി. ഓൺലൈൻ പാചകമേളയും സംഘടിപ്പിച്ചു. 'ദിനാചരണങ്ങൾ പുതുനാമ്പുകൾ' എന്ന ജൈവവൈവിധ്യ മാഗസിൻ തയ്യാറാക്കി. കൊറോണ എന്ന മഹാമാരിക്കെതിരേ അനിമേറ്റഡ് വീഡിയോ തയ്യാറാക്കി. കാവുകളും കുളങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് സീഡ് റിപ്പോർട്ടർ വാർത്തയും നൽകി. 
      രണ്ടാം സ്ഥാനം പേരിശ്ശേരി ഗവ.യു.പി.എസിന്
     മണ്ണിനെ ഏറെ അടുത്തുകണ്ട് കുട്ടികൾ
ചെങ്ങന്നൂർ: കളിച്ചും പഠിച്ചും പിണങ്ങിയും കൂട്ടുകൂടിയും ഒത്തുചേർന്നിരുന്ന വിദ്യാലയം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷമായി. പക്ഷേ, നേരിൽ കാണാതെ തന്നെ അവർ കണ്ടു, സംസാരിച്ചു,  മാതൃഭൂമി സീഡ് ക്ലബ്ബാണ് അവരെ ഒന്നിപ്പിച്ചത്. പ്രവർത്തനങ്ങളുടെ ഫലമായി തങ്ങളുടെ സ്കൂൾ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ രണ്ടാമത്തെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടെന്ന വാർത്ത കേട്ടു സന്തോഷത്തിലാണ് പേരിശ്ശേരി ഗവ. യു.പി. സ്കൂളിലെ കുരുന്നുകൾ.
സീഡ് ക്ലബ്ബിന്റെ ആഹ്വാനപ്രകാരം വീടുകളിൽ ചെയ്ത കൃഷിയുടെ വിളവെടുപ്പൊക്കെ കുട്ടികൾ കേമമാക്കിയിരുന്നു. ആടിനെയും കോഴിയെയുമൊക്കെ വളർത്താനും തുടങ്ങിയെന്നു രക്ഷിതാക്കൾ പറഞ്ഞു.    എല്ലാം മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നിർദേശപ്രകാരം. അന്തരിച്ച എം.പി. വീരേന്ദ്രകുമാറിന് സ്മൃതി മരം, സുഗതകുമാരിക്ക്‌ സ്മൃതി വനം തുടങ്ങിയ പ്രവർത്തങ്ങളും സജീവമാണ്.
മറ്റ് പ്രവർത്തനങ്ങൾ- കോവിഡ് ബോധവത്‌കരണ നോട്ടീസ് 3,000 വീടുകളിൽ എത്തിച്ചു, കുട്ടികളിലും രക്ഷിതാക്കളും സാമൂഹിക ശീലങ്ങളിൽ മാറ്റം വരുത്താൻ വാട്സാപ്പ് കൂട്ടായ്മയിലൂടെ മെസേജും വീഡിയോ സന്ദേശങ്ങളും എത്തിച്ചു, ഓഡിയോ ജോയിനർ എന്ന ആപ്പ് ഉപയോജിച്ചു സീഡ് ക്ലബ്ബ്‌ നടത്തിവരുന്ന റേഡിയോ ചാനൽ ഡിജിറ്റൽ മേഖലയിലുള്ള മാറ്റത്തെയും കുട്ടികളിലും മാനസിക സന്തോഷം നൽകുന്നു. ഭക്ഷണ ക്രമത്തെക്കുറിച്ചു ആയുർവേദ ഡോക്ടറുടെ വീഡിയോ സന്ദേശം ഏറെ ശ്രദ്ധേയമായി. വാട്സാപ്പ് വഴി നടത്തിവരുന്ന സ്കൂൾ റേഡിയോ ക്ലബ്ബ്‌ എഫ്.എം. പരിപാടി ചെയ്തിരുന്നു. ദിനാചരണങ്ങൾ, വെബിനാറുകൾ, ഓൺലൈൻ പോസ്റ്റർ നിർമാണം, ചന്ദ്രോത്സവം,  കുട്ടികളുടെ വീടുകളിൽ പച്ചക്കറിത്തോട്ടം, പ്ലാസ്റ്റിക് പുനരുപയോഗം എന്നിങ്ങനെ പ്രവർത്തനങ്ങൾ നീളന്നു.

മൂന്നാം സ്ഥാനം
ലോക്‌ഡൗണിൽ പച്ചക്കറിക്കൃഷി നടപ്പാക്കി സി.ബി.എം.എച്ച്.എസ്.എസ്.   

ചാരുംമൂട്: ലോക്‌ഡൗൺ കാലയളവിൽ കുട്ടികളുടെ വീടുകളിൽ പച്ചക്കറിക്കൃഷി നടപ്പാക്കിയ നൂറനാട് സി.ബി.എം. ഹയർസെക്കൻഡറി സ്കൂളാണ് മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ മൂന്നാം സ്ഥാനത്തെത്തിയ ഹരിതവിദ്യാലയം. 'എന്റെ കൃഷിത്തോട്ടം' പദ്ധതിയിലാണ് ചീര, പയർ, പടവലം, വഴുതന, പച്ചമുളക്, കോവൽ തുടങ്ങിയവ കൃഷി ചെയ്തത്. മാസ്ക്, സാനിറ്റൈസർ വിതരണം, ചട്ടി നിർമാണം, ഗാർഡനിങ്, കരകൗശല വസ്തുക്കളുടെ നിർമാണം, ഭക്ഷണക്രമ രീതിയിലുള്ള ബോധവത്‌കരണം എന്നിവയും നടത്തി.  കോവിഡ് അതിരൂക്ഷമായി പിടികൂടിയ സാഹചര്യത്തിൽ അയൽക്കാരെ കുട്ടികൾ സഹായിച്ചു. പേപ്പർ കവർ നിർമാണം, വെബിനാറു
കൾ, പോസ്റ്റർ നിർമാണം, ചിത്രരചനാ മത്സരം, പച്ചക്കറിത്തോട്ടം, ജൈവവള നിർമാണം, ഔഷധ സസ്യത്തോട്ട പരിപാലനം, സ്മൃതി മരം, ഊർജസംരക്ഷണ പ്രവർത്തനങ്ങൾ, മധുര വനം, വാഴക്കൊരു കൂട്ട് എന്നീ പ്രവർത്തനങ്ങളും വീടുകളിൽ തുടർന്നുവരുന്നു.


May 07
12:53 2021

Write a Comment