SEED News

കോവിഡിനെ തടയാൻ ശരിയായ ഭക്ഷണരീതി അനിവാര്യം- ഡോ.ബി. പദ്മകുമാർ

ആലപ്പുഴ: കോവിഡിനെ തടയാൻ ശരിയായ ഭക്ഷണരീതി ആവശ്യമാണെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻവിഭാഗം മേധാവി ഡോ.ബി. പദ്മകുമാർ. ജങ്ക്ഫുഡ്, ഫാസ്റ്റ്ഫുഡ് എന്നിവ ഒഴിവാക്കി പോഷകാഹാരങ്ങൾക്ക് പ്രധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ‘കോവിഡ് കാലം ആരോഗ്യത്തോടെ’ എന്നവിഷയത്തിൽ മാതൃഭൂമി സീഡ് നടത്തിയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആരോഗ്യം നിലനിർത്തുന്നതിനും പ്രതിരോധശേഷി ഉയർത്തുന്നതിനും നല്ല ഭക്ഷണരീതി ഉണ്ടാവണം.  വൈറ്റമിൻ- സി കൂടുതൽ ഉൾപ്പെടുത്തണം. ധാരാളം വെള്ളംകുടിക്കാനും ശ്രദ്ധിക്കണം. ആരോഗ്യമുള്ള ചെറുപ്പാക്കാരെയും രോഗം കീഴ്‌പെടുത്തുകയാണ്. ആദ്യഘട്ടത്തിൽ കുട്ടികളെ രോഗം ബാധിച്ചിരുന്നില്ല. എന്നാൽ, രണ്ടാംവരവിൽ  കുട്ടികളെയും രോഗം ബാധിക്കുന്നതായി കണ്ടുവരുന്നു. തീവ്രവ്യാപനശേഷിയുള്ള വൈറസുകളെ നേരിടേണ്ടതുണ്ട്. 
വാക്സിൻ എല്ലാ പ്രായക്കാരിലേക്കും എത്തുന്നതോടെ രോഗത്തെ കീഴ്‌പ്പെടുത്താൻ കഴിയുമെന്നാണ്  വിശ്വസിക്കുന്നത്. അതിനാൽ വാക്സിൻ സ്വീകരിക്കുന്നതിൽ മടികാട്ടരുത്- അദ്ദേഹം പറഞ്ഞു. 
2020-21 വർഷത്തെ ഏറ്റവും മികച്ച അധ്യാപക കോ-ഓർഡിനേറ്റർമാരായി തിരഞ്ഞെടുക്കപ്പെട്ട, വിവിധ ജില്ലകളിൽനിന്നുള്ള അധ്യാപകരുമായി അദ്ദേഹം സംവദിച്ചു.രക്ഷിതാക്കൾക്കുവേണ്ടിയും അധ്യാപകർ ഡോക്ടറോട് സംശയങ്ങൾ ചോദിച്ചിരുന്നു. മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ്‌കുമാർ, ആലപ്പുഴ ഫെഡറൽബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആൻഡ് റീജണൽ ഹെഡ് ബെറ്റി വർഗീസ് എന്നിവർ സംസാരിച്ചു. ക്ലബ്ബ് എഫ്.എം. ആർ.ജെ. ജെബിൻ മോഡറേറ്ററായി.

May 24
12:53 2021

Write a Comment

Related News