SEED News

കുട്ടിക്കുറുമ്പുകളും ചിരിയും ചിന്തയുമായി 'ജയേട്ടൻ'

കൊച്ചി: തമാശയും ചിരിയും കൊച്ചു കൊച്ചു നിർദേശങ്ങളുമായി കുട്ടിക്കൂട്ടത്തിന്റെ 'ജയേട്ട'നായി ചലച്ചിത്ര താരം ജയസൂര്യ. കുട്ടിക്കൂട്ടത്തിന്റെ കലപിലയെ സ്വന്തം ശൈലിയിൽ നിയന്ത്രിച്ച്, എല്ലാവരെയും പേരെടുത്തു വിളിച്ച്‌ സംസാരിച്ച ജയസൂര്യ രണ്ടു മണിക്കൂർ നേരം അവരിലൊരാളായി മാറുകയായിരുന്നു. മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നടത്തുന്ന സീഡ് പദ്ധതിയുടെ ഭാഗമായി നടത്തിയ വെബിനാറിൽ കുട്ടികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തിൽ ആരായിത്തീരണമെന്നത് അച്ഛന്റെയോ അമ്മയുടെയോ ആഗ്രഹ സഫലീകരണമാകരുത്. സ്വന്തം ആഗ്രഹത്തിനൊപ്പമാകണം സഞ്ചരിക്കേണ്ടത് എന്ന് ജയസൂര്യ കുട്ടികളെ ഓർമിപ്പിച്ചു.

'ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയത്തോട് താത്പര്യം വരാൻ ആദ്യം അതിനെ സ്നേഹിക്കണം, അതോടെ ചെറിയ വ്യത്യാസം വരും. നമ്മുടെ കുറവിനെയോ തെറ്റിനെയോ പറഞ്ഞു മനസ്സിലാക്കുന്നവരെയാണ് സുഹൃത്താക്കേണ്ടത്. ജീവിതത്തിൽ വെളിച്ചമാകേണ്ടയാളാണ് സുഹൃത്ത് ' - ജയസൂര്യ പറഞ്ഞു.

നല്ല സിനിമകൾ കണ്ടും നല്ല പുസ്തകങ്ങൾ വായിച്ചും കളിച്ചും ലോക്‌ഡൗണും വെക്കേഷനും അടിപൊളിയാക്കണമെന്ന നിർദേശം കൂടി കുട്ടികൾക്കായി ജയസൂര്യക്ക്‌ നൽകാനുണ്ടായിരുന്നു. കുട്ടികളിലൊരാൾ താൻ വരച്ച ജയസൂര്യയുടെ ചിത്രം വെബിനാറിൽ പ്രദർശിപ്പിച്ചു. ജയസൂര്യ പാടി അഭിനയിച്ച 'ആശിച്ചവന് ആകാശത്തൂന്നൊര് ആനേ കിട്ടി' എന്ന പാട്ടും അദ്ദേഹത്തിനായി പാടി.

ഒ.എൻ.വി. കുറുപ്പിന്റെ നവതി ദിനമായതിനാൽ അദ്ദേഹത്തിന്റെ കവിത ചൊല്ലിയാണ് വെബിനാർ ആരംഭിച്ചത്. പരിസ്ഥിതി സംരക്ഷണത്തിൽ മാതൃഭൂമിയുമായി ചേർന്ന് ഫെഡറൽ ബാങ്ക് നടത്തുന്ന പ്രവർത്തനങ്ങൾ ഇനിയും തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് ഫെഡറൽ ബാങ്ക് സി.എസ്.ആർ. വിഭാഗം വൈസ് പ്രസിഡന്റ് തമ്പി ജോർജ് സൈമൺ പറഞ്ഞു.

മാതൃഭൂമി കൊച്ചി യൂണിറ്റ് ന്യൂസ് എഡിറ്റർ എസ്. പ്രകാശ്, യൂണിറ്റ് മാനേജർ പി. സിന്ധു, മാതൃഭൂമി സോഷ്യൽ ഇനിഷ്യേറ്റീവ്‌സ് എക്സിക്യുട്ടീവുമാരായ റോണി ജോൺ, വി.ആർ. അഖിൽ എന്നിവർ സംസാരിച്ചു. ക്ലബ്ബ് എഫ്. എമ്മിലെ ആർ.ജെ. ഗദ്ദാഫിയായിരുന്നു മോഡറേറ്റർ. വിവിധ ജില്ലകളിൽനിന്നുള്ള സീഡ് ക്ലബ്ബിലെ വിദ്യാർഥി പ്രതിനിധികളും അധ്യാപകരും പങ്കെടുത്തു.

May 29
12:53 2021

Write a Comment

Related News