SEED News

കുട്ടിക്കർഷകർക്കു സഹായവുമായി മാതൃഭൂമി സീഡ്ക്ലബ്ബ്


 
ചാരമംഗലം സ്‌കൂളിൽ താലോലം പദ്ധതി 
തുടങ്ങി
കഞ്ഞിക്കുഴി: വിദ്യാർഥികളുടെ കാർഷിക അഭിരുചി വളർത്തിയെടുക്കാൻ ചാരമംഗലം ഡി.വി.എച്ച്.എസ്.എസിൽ മാതൃഭൂമി സീഡ് ക്ലബ്ബ് താലോലം എന്ന പേരിൽ പദ്ധതി തുടങ്ങി. സുമനസ്സുകളുടെ സഹായത്തോടെ കുരുന്നു കർഷകരെ വളർത്തിയെടുക്കുന്ന പരിപാടിയാണിത്. വിദ്യാർഥികൾക്ക് പച്ചക്കറിത്തൈകൾ വാങ്ങാനും തോട്ടം സജ്ജമാക്കാനും മറ്റുമുള്ള ചെലവ് സപോൺസർഷിപ്പായി സ്വീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ചാരമംഗലം കുമാരപുരത്ത് താമസിക്കുന്ന എട്ടാംക്ലാസ് വിദ്യാർഥി നകുൽകൃഷ്ണയുടെ വീട്ടുവളപ്പിൽ ആദ്യതോട്ടം ഒരുക്കിയാണ് പദ്ധതി തുടങ്ങിയത്.
ചാരമംഗലം ഭൂമിപ്രിയ അഗ്രിഫാമാണ് നകുൽകൃഷ്ണയ്ക്കു തോട്ടം ഒരുക്കാൻ സഹായിക്കുന്നത്. ഭൂമിപ്രിയ അഗ്രിഫാമിന്റെ മാനേജിങ് പാർട്ടണർ നിമിഷാ അജിത്കുമാറിന്റെ മകൾ നിയയുടെ ഒന്നാം പിറന്നാളിന്റെ ഭാഗമായി കൃഷിക്കാവശ്യമായ ഗ്രോബാഗുകളും തൈകളും റെഡ്‌ലേഡി പപ്പായ തൈകളും സൗജന്യമായി നൽകുകയായിരുന്നു. 
കൃഷിക്കു മേൽനോട്ടം വഹിക്കുന്നത് സ്‌കൂളിലെ പി.ടി.എ.യും അധ്യാപകരുമായിരിക്കും. സംഘാടകർ മാസം തോറും കുട്ടികളുടെ വീടുകൾ സന്ദർശിച്ച് കൃഷി വിലയിരുത്തും.
പ്രഥമാധ്യാപിക ടി.ജി. ഗീതാദേവി തൈനട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി. അക്ബർ, അധ്യാപിക ഷീല, സീഡ് കോ- ഓർഡിനേറ്റർ സിനി പൊന്നപ്പൻ, കുമാരപുരം ദേവസ്വംസെക്രട്ടറി അശോകൻ, അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

June 14
12:53 2021

Write a Comment