SEED News

കുട്ടികൾ പറഞ്ഞു; മദ്യവും മയക്കുമരുന്നും വേണ്ടാ

കോഴിക്കോട്: മലയോര മേഖല കേന്ദ്രീകരിച്ചുള്ള വ്യാജവാറ്റിനെതിരേ നടപടിയെടുക്കാനാകുമോ? ആശങ്ക മറച്ചുവെക്കാതെ ചൈൽഡ് ലൈൻ അധികൃതരോട് കുഞ്ഞ് ചോദ്യമുയർന്നു. പരിശോധിച്ച് വേണ്ടത് ചെയ്യാമെന്ന് മറുപടി ലഭിച്ചപ്പോൾ ആശ്വാസം. അന്താരാഷ്ട്ര ബാലവേലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് ചൈൽഡ്‌ലൈനുമായി ചേർന്ന് നടത്തിയ ഓപ്പൺഫോറത്തിലാണ് കുട്ടികൾ ചുറ്റുവട്ടത്തുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയത്.

സംരക്ഷണത്തിനായി നിയമങ്ങൾ ഉള്ളതുപോലെ അവർക്ക് അവകാശങ്ങളുമുണ്ടെന്ന് ഓർമപ്പെടുത്തി നടത്തിയ ഓപ്പൺഫോറം ബാലാവകാശ കമ്മിഷൻ അംഗം ബബിത ബൽരാജ് ഉദ്ഘാടനം ചെയ്തു. പ്രശ്നങ്ങൾ കണ്ടാൽ കമ്മിഷനും ചൈൽഡ് ലൈനും ശിശുക്ഷേമസമിതിയും തൊഴിൽവകുപ്പും പോലീസുമെല്ലാം ഇടപെട്ട് അതിന് പരിഹാരങ്ങൾ കാണുന്നുണ്ടെന്ന് അവർ പറഞ്ഞു. ഫെഡറൽ ബാങ്ക് റീജണൽ മേധാവിയും ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമായ ടി. എസ്. മോഹനദാസ് അധ്യക്ഷനായി.

ജില്ലയിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ സംശയങ്ങൾ ഉന്നയിച്ചും പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും ഓപ്പൺഫോറത്തിന്റെ ഭാഗമായി.

ഓൺലൈൻ ക്ലാസിലെ പ്രശ്നം, ലഹരി ഉപയോഗം, ലൈംഗികാതിക്രമങ്ങൾ, ബാലവേല, മദ്യപാനം തുടങ്ങിയ കാര്യങ്ങളെല്ലാം കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്കിടയിൽ ബോധവത്‌കരണം വേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഓർമിപ്പിച്ചു.

ശിശുക്ഷേമസമിതി ചെയർമാൻ തോമസ് മാണി, ജില്ലാ ലേബർ ഓഫീസർ ടി.ആർ. രജീഷ്, ചൈൽഡ്‌ലൈൻ ജില്ലാ കോ-ഓർഡിനേറ്റർ മുഹമ്മദ് അഫ്‌സൽ, ചൈൽഡ്‌ലൈൻ സെന്റർ കോ-ഓർഡിനേറ്റർ കുഞ്ഞോയി പുത്തൂർ, റെയിൽവേ ചൈൽഡ്‌ലൈൻ കോ-ഓർഡിനേറ്റർ സോണാലി പിക്കാസോ എന്നിവർ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. പ്രശ്നങ്ങളെ കുറിച്ച് വിവരം നൽകുന്നവരെപ്പറ്റി പുറത്തറിയിക്കില്ലെന്ന് അവർ വ്യക്തമാക്കി. മാതൃഭൂമി റീജണൽ മാനേജർ സി. മണികണ്ഠൻ സ്വാഗതവും ചൈൽഡ് ലൈനിലെ സിബി ജോസ് നന്ദിയും പറഞ്ഞു.


June 16
12:53 2021

Write a Comment

Related News