SEED News

വിദ്യാഭ്യാസ രംഗത്ത് മാറ്റം വേണം -സന്തോഷ് ജോർജ്‌ കുളങ്ങര

കൊച്ചി: കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ വിദ്യാഭ്യാസ രംഗത്ത്‌ ഉണ്ടാകണമെന്ന് സന്തോഷ് ജോർജ്‌ കുളങ്ങര. മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്കൂളുകളിൽ നടപ്പിലാക്കുന്ന 'സീഡ്' പദ്ധതിയുടെ ഭാഗമായി അധ്യാപകർക്ക് നടത്തിയ വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലരും പഠിച്ചതും തുടർന്ന് തിരഞ്ഞെടുക്കുന്ന മേഖലയും വ്യത്യസ്തമാണ്. കുട്ടികളുടെ കഴിവിന് അനുസരിച്ചുള്ള പാഠങ്ങളാകണം ഹൈസ്കൂൾതലം മുതൽ പഠിപ്പിക്കേണ്ടത്. പൗരബോധം, പ്രകൃതിസ്നേഹം എന്നിവ ഒന്നാം ക്ലാസ് മുതൽ പാഠ്യപദ്ധതിയിൽ ഉണ്ടാവണം. അതേപോലെതന്നെ സ്കൂളും പരിസരവും അതിനോടു ചേർന്നുള്ള വഴിയോരങ്ങളും പ്രകൃതിയെ സ്നേഹിക്കാൻ തോന്നുന്ന തരത്തിൽ ഭംഗിയാക്കണം.

ഓരോ വിദ്യാലയങ്ങളും ഇങ്ങനെ ചെയ്താൽ കേരളം കൂടുതൽ സുന്ദരമാകും. ഈ പ്രവൃത്തികൾ ചെയ്യുന്ന വിദ്യാർഥികൾക്ക് മാർക്ക് നൽകുന്ന രീതിയും ആവിഷ്കരിക്കാവുന്നതാണെന്ന് സന്തോഷ് ജോർജ്‌ കുളങ്ങര പറഞ്ഞു.

ഫെഡറൽ ബാങ്ക് എറണാകുളം സോണൽ ഓഫീസ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് മീര, എറണാകുളം ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ‘മാതൃഭൂമി’ കൊച്ചി ന്യൂസ് എഡിറ്റർ എസ്. പ്രകാശ്, കൊച്ചി യൂണിറ്റ് മാനേജർ പി. സിന്ധു, കോട്ടയം യൂണിറ്റ് മാനേജർ ടി. സുരേഷ്, ക്ലബ്ബ് എഫ്.എം. ആർ.ജെ മഞ്ജു, മാതൃഭൂമി എക്സിക്യുട്ടീവ് സീഡ് ഇനീഷ്യേറ്റീവുമാരായ റോണി ജോൺ, വി. ആർ. അഖിൽ എന്നിവർ സംസാരിച്ചു.

ജില്ലയിലെ വിവിധ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് 246 അധ്യാപകർ പങ്കെടുത്തു.

June 21
12:53 2021

Write a Comment

Related News