SEED News

ഒരു വള്ളിയിൽ എഴുപതിലധികം കുമ്പളം; ആവേശത്തോടെ കുട്ടിക്കർഷക

എകരൂൽ: വൈദ്യൻ കുമ്പളങ്ങയുടെ ഒരൊറ്റ വള്ളിയിൽ നിന്ന്‌ എഴുപതിലേറെ കായ്‌കൾ ലഭിച്ചതിന്റെ ആവേശത്തിലാണ് ഒമ്പതാംതരം വിദ്യാർഥിനിയും ‘മാതൃഭൂമി’ സീഡ് ക്ലബ്ബ് അംഗവുമായ ദേവ്ന ദിനേശ്. അന്യം നിന്നുപോകുന്നതും ഔഷധഗുണമുള്ളതുമായ വൈദ്യൻകുമ്പളത്തിന്റെ വിത്തുകൾ ശേഖരിച്ച് വിതരണത്തിന് തയാറാക്കുകയാണ് ഈ കർഷകമിടുക്കി ഇപ്പോൾ.

പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന ഈ വിദ്യാർഥിനി പൂനൂർ ‘ഇന്ദീവര’ത്തിൽ അധ്യാപക ദമ്പതികളായ ദിനേശ് പൂനൂരിന്റെയും ടി.എം. ഷിംനയുടെയും മകളാണ്. കഴിഞ്ഞവർഷത്തെ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി കൃഷിചെയ്ത വള്ളിയിൽ നിന്നാണ് ഇത്രയും കുമ്പളം ലഭിച്ചത്. 500 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ തൂക്കമുള്ള കായ്‌കളാണ് സാധാരണയായി വൈദ്യൻകുമ്പളം (നെയ്കുമ്പളം) വള്ളികളിൽ ഉണ്ടാവുന്നത്.

കാർഷികരംഗത്ത് ഏറെ തത്‌പരയായ ദേവ്ന ദിനേശ് തന്റെ കൃഷികളായ ചോളം, വെണ്ട, വഴുതന, തക്കാളി, ചീര, കയ്പ, പലതരം പച്ചമുളകുകൾ, വാഴ എന്നിവയിൽ നിന്നെല്ലാം ഈ വർഷം നല്ലതോതിൽ വിളവെടുപ്പ് നടത്തിയിട്ടുണ്ട്. ജീവജാലങ്ങളെയും പ്രകൃതിയെയും പ്രണയിക്കുന്ന ദേവ്നയ്ക്ക് കൃഷി വലിയ ഹരമാണ്. കൊച്ചനുജത്തിയടക്കമുള്ള കുടുംബാംഗങ്ങളുടെയെല്ലാം സഹകരണം ഈ വിദ്യാർഥിനിക്ക് കൃഷിയിൽ കിട്ടുന്നുണ്ട്. ‘മാതൃഭൂമി’ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യം നൽകിവരുന്ന പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കാർഷിക, ആടുവളർത്തൽ മേഖലകളിൽ വിദ്യാർഥികൾ മികച്ച പ്രവർത്തനമാണ് നടത്തുന്നത്.

July 06
12:53 2021

Write a Comment

Related News