reporter News

അരുത്, ഈ മരങ്ങൾ വെട്ടരുത്

ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി എ.സി. റോഡിലെ മരങ്ങൾ വെട്ടിമാറ്റുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി പണം ചെലവാക്കി വെച്ചുപിടിപ്പിച്ച മരങ്ങളാണിത്. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ കേരളസന്ദർശനത്തിന് സുഗമസഞ്ചാരത്തിനായി റോഡരികിലെ മരങ്ങൾ നഷ്ടപ്പെടുത്തിയതിന്റെപേരിൽ അദ്ദേഹം കലഹിക്കുകയും പുതിയ മരങ്ങൾ വെച്ചുപിടിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഈ മാതൃക നിലനിൽക്കുമ്പോഴാണ് ഇത്തരമൊരു അനാസ്ഥ.
പാതയോരത്തെ മരങ്ങൾ റോഡിനു ബലമേകി അടിത്തറ ബലപ്പെട്ടതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മരങ്ങൾ കുട്ടനാടിനെ പ്രളയത്തിൽനിന്ന് ഒരുപരിധിവരെ രക്ഷിക്കുന്ന  ഭിത്തികളായി മാറിയിരുന്നു. പത്തുവർഷമായി തണലും ശുദ്ധവായുവും നല്കുന്ന 851 മരങ്ങളിലാണ് മഴു വീഴുന്നത്. എസ്.ഡി.വി. ഗേൾസ് ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥിനികൾ ഈ വാർത്ത അറിഞ്ഞയുടൻ പൊതുമരാമത്ത്, കൃഷി, വനംവകുപ്പ് മന്ത്രിമാർക്ക് കത്തുകളും ഇ-മെയിൽ സന്ദേശങ്ങളും അയച്ചിരുന്നു. മരങ്ങൾ നശിപ്പിക്കരുതെന്നും ബദൽ മാർഗം കണ്ടെത്താൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നുമാണ് പുതുതലമുറ ആവശ്യപ്പെടുന്നത്

ആദിത്യ ദിലീപ്
മാതൃഭൂമി  സീഡ് റിപ്പോർട്ടർ
എസ്.ഡി.വി. ജി.എച്ച്.എസ്. 
ആലപ്പുഴ

July 06
12:53 2021

Write a Comment