ഒട്ടും റേഞ്ചില്ല, ഫോണില്ല ഞങ്ങള്ക്ക് പഠിക്കാനാകുന്നില്ല
ചെമ്മണ്ണാർ: ഓൺലൈൻ ക്ലാസ് തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. എന്നിട്ടും റേഞ്ച് പ്രശ്നവും ഓൺലൈൻ പഠന സാമഗ്രികളുടെ അപര്യാപ്തതയു കാരണം ഞങ്ങൾക്ക് ക്ലാസിൽ പങ്കെടുക്കാൻ കഴിയുന്നില്ല.
ചെമ്മണ്ണാറിലെ പാമ്പുപാറക്ക് സമീപം കുഴുതുളുവിൽ 12 കുട്ടികളും കല്ലുപാലത്തിനുസമീപം തൊമ്മൻകണ്ടത്ത് ഒൻപത് കുട്ടികളും മാൻകുത്തി മേട്ടിൽ എട്ട് കുട്ടികളുമാണ് റേഞ്ച് പ്രശ്നം കാരണം ദുരിതത്തിലായിരിക്കുന്നത്. പലർക്കും സ്മാർട് ഫോണുമില്ല. എല്ലാവരും തോട്ടം തൊഴിലാളികളുടേയും കർഷകരുടേയും മക്കളാണ്.
കോവിഡ് കാരണം കഴിഞ്ഞ വർഷം മുതൽ സ്കൂളിൽ പോകാൻ കഴിയുന്നില്ല. വിക്ടേഴ്സ് ചാനലിലൂടെയാണ് കഴിഞ്ഞ അധ്യയന വര്ഷം മുഴുവൻ പഠനം നടത്തിയത്. വാട്സ് ആപ്പ് പ്രവർത്തിക്കാൻ പോലും റേഞ്ചില്ലാത്തതിനാൽ അധ്യാപകർ ഫോണിൽ വിളിച്ചാണ് ഈ വിദ്യാർഥികളുടെ സംശയങ്ങൾ തീർത്തു കൊടുത്തത്.
ഇത്തവണ ഗൂഗിൾ മീറ്റിലൂടെയാണ് ക്ലാസുകൾ. വാട്സ് ആപ്പിന് പോലും വേണ്ട റേഞ്ചില്ലാത്ത ഇടങ്ങളില് ഗൂഗിൾ മീറ്റ് എങ്ങനെ നടക്കും? ബി.എസ്.എൻ.എല്ലിന്റെ ഒരു പോയിന്റിനായി കുന്നും മലയും കയറി നടക്കേണ്ട ഗതികേടിലാണ് ഞങ്ങൾ. മഴ പെയ്താൽ അതും പറ്റില്ല. ഇപ്പോൾ അധ്യാപകരുടെ കോളുകൾ പോലും കിട്ടാന് പ്രയാസമാണ്. എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നു.
ആർ.മുത്തുലക്ഷ്മി
സെന്റ്. സേവ്യേഴ്സ് എച്ച്.എസ്.എസ്, ചെമ്മണ്ണാർ