SEED News

പ്രകൃതിയെ ജീവനുതുല്യമായി കാണണം -മന്ത്രി എ.കെ.ശശീന്ദ്രൻ

കണ്ണൂർ: പ്രകൃതിയെ ജീവനു തുല്യമായി കാണണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ‘മാതൃഭൂമി സീഡ്’ അധ്യാപക ശില്പശാല ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതിസംരക്ഷണം പ്രഖ്യാപിതലക്ഷ്യമായി കാണുന്ന ‘മാതൃഭൂമി’യുടെ പ്രവർത്തനം ശ്ലാഘനീയമാണ്. മികച്ച ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ‘ഫെഡറൽ ബാങ്ക്’ പരിസ്ഥിതി സംരക്ഷണത്തിന് ‘മാതൃഭൂമി’യുമായി കൈകോർത്തത് പ്രശംസനീയമാണ്. ‘സീഡ്’ പദ്ധതിയിലൂടെ ഒരുവർഷം ഒരുലക്ഷം ടൺ പച്ചക്കറി ഉത്‌പാദിപ്പിച്ചത് ചെറിയ കാര്യമല്ല. 12 വർഷം കൊണ്ട് 8,43,960 വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കാനും സാധിച്ചു.

ഭക്ഷ്യവസ്തുക്കൾക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നവരെന്ന ദുഷ്പേര് നമുക്കുണ്ട്. മൂന്നുവർഷമായി ഇതിന്‌ മാറ്റംവന്നിട്ടുണ്ട്. കാലാവസ്ഥാവ്യതിയാനവും മഹാമാരിയും തടയാൻ ഭൂമിക്കുമേൽ ഹരിതകവചം തീർക്കണം. നല്ല സമൂഹത്തെ വാർത്തെടുക്കുന്നതിൽ അധ്യാപകർക്കും വലിയ പങ്കുണ്ട്. മഹാന്മാരുടെ ഓർമകളുറങ്ങുന്ന കോഴിക്കോട്ട് ഇവരുടെ പേരിൽ സ്മൃതിവനം ഉണ്ടാക്കാനുള്ള ശ്രമം ‘മാതൃഭൂമി സീഡ്’ നടത്തണം. നഗരത്തിരക്കിൽ പച്ചത്തുരുത്ത് സൃഷ്ടിക്കാനുള്ള ശ്രമത്തിന് വനംവകുപ്പിന്റെ എല്ലാ പിന്തുണയുമുണ്ടാവും -മന്ത്രി പറഞ്ഞു.

ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആൻഡ് റീജണൽ ഹെഡ് ടി.എസ്.മോഹനദാസ് അധ്യക്ഷത വഹിച്ചു. മാതൃഭൂമി കോഴിക്കോട് റീജണൽ മാനേജർ സി.മണികണ്ഠൻ, കണ്ണൂർ യൂണിറ്റ് മാനേജർ ജഗദീഷ് ജി., കോഴിക്കോട് ഡി.ഡി.ഇ. വി.പി.മിനി, വയനാട് കൃഷി അസി. ഡയറക്ടർ രാജി വർഗീസ്, മാതൃഭൂമി ചീഫ് സബ്‌ എഡിറ്റർ ഡോ. കെ.സി.കൃഷ്ണകുമാർ, ചീഫ് ലൈബ്രേറിയൻ പി.സോമശേഖരൻ, സായി ശ്വേത, സീസൺ വാച്ച് സംസ്ഥാന കോ ഓർഡിനേറ്റർ മുഹമ്മദ് നിസാർ, അധ്യാപകരായ അബൂബക്കർ, പി.നസീമ, കെ.വാസുദേവൻ, ദീപ്തി സജേഷ്, കെ.റഫീഖ്, ടി.ഗംഗാധരൻ, സ്നേഹപ്രഭ, കെ.മിനി, ബിനു തുടങ്ങിയവർ സംസാരിച്ചു. ആർ.ജെ. ഹൃദ്യ മോഡറേറ്ററായി. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലുള്ള എണ്ണൂറോളം അധ്യാപകർ ശില്പശാലയിൽ പങ്കെടുത്തു.

July 21
12:53 2021

Write a Comment

Related News