SEED News

മുതിർന്നവർ പറയുക മാത്രം ചെയ്യുന്നത് കുഞ്ഞുങ്ങൾ പ്രവർത്തിച്ചുകാട്ടി - മന്ത്രി പി. പ്രസാദ് മാതൃഭൂമി സീഡ് അധ്യാപക ശില്പശാല നടത്തി

കൊച്ചി: മുതിർന്നവർ പറയുക മാത്രം ചെയ്യുന്ന കാര്യങ്ങൾ കുഞ്ഞുങ്ങൾ മാതൃഭൂമി സീഡിലൂടെ പ്രവർത്തിച്ചു കാണിക്കുന്നുവെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു.

മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന സീഡ് പദ്ധതിയുടെ 2021-22 വർഷത്തെ അധ്യാപക ശില്പശാല സൂം മീറ്റിങ്ങിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രകൃതി നമ്മുടെ ഭാഗമാണെന്ന തിരിച്ചറിവാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്നത്. അനാവശ്യമായ ഒത്തുതീർപ്പുകളിലേക്ക് എത്താതെ സ്വന്തം നിലപാടിലേക്ക് കുട്ടികൾ മുന്നേറുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

മാതൃഭൂമി ഡിജിറ്റൽ ബിസിനസ് ഡയറക്ടർ എം.എസ്. മയൂര അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ പരിശ്രമങ്ങളാണ് മാതൃഭൂമി സീഡിന്റെ ശക്തിയെന്ന് അവർ പറഞ്ഞു. പ്രകൃതിസംരക്ഷണം, പരിപാലനം എന്നിവയിലാണ് കുഞ്ഞുങ്ങൾ പദ്ധതിയിലൂടെ ശ്രദ്ധിക്കുന്നത്.

7053 സ്കൂളുകളാണ് സംസ്ഥാനത്ത് സീഡുമായി സഹകരിക്കുന്നത്. ഇതുവഴി 38 ലക്ഷം വിദ്യാർത്ഥികൾ സീഡിന്റെ ഭാഗമായിട്ടുണ്ടെന്നും മയൂര പറഞ്ഞു.

ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും സി.എസ്.ആർ. വിഭാഗം തലവനുമായ കെ. തമ്പി ജോർജ് സൈമൺ സീഡിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. മാതൃഭൂമി കോഴിക്കോട് ചീഫ് സബ് എഡിറ്റർ ഡോ. കെ.സി. കൃഷ്ണകുമാർ, ചീഫ് ലൈബ്രേറിയൻ പി. സോമശേഖരൻ, സീസൺ വാച്ച് സംസ്ഥാന കോ-ഓർഡിനേറ്റർ കെ. മുഹമ്മദ് നിസാർ എന്നിവരാണ് ക്ലാസുകളെടുത്തത്.

സൂം മീറ്റിങ്ങിലൂടെ ആയിരം പേരും യു ട്യൂബിലൂടെ 900 പേരും ശില്പശാലയുടെ ഭാഗമായി. കോട്ടയം ഡി.ഡി.ഇ. എൻ. സുജയ, മാതൃഭൂമി കോട്ടയം യൂണിറ്റ് മാനേജർ ടി. സുരേഷ്, കൊച്ചി ന്യൂസ് എഡിറ്റർ എസ്. പ്രകാശ്, ആലപ്പുഴ റീജണൽ മാനേജർ സി. സുരേഷ്‌ കുമാർ എന്നിവരും സംസാരിച്ചു.

August 04
12:53 2021

Write a Comment

Related News