SEED News

പാഠ്യപദ്ധതിയിൽ പ്രഥമ ശുശ്രൂഷ കൂടി ഉൾപ്പെടുത്തണം വിദ്യാഭ്യാസ മന്ത്രിക്കൊരു കത്ത്

ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക്,

ഒന്നര വർഷമായി സ്‌കൂളിൽ പോകാനോ കൂട്ടുകൂടി കളിക്കാനോ കഴിയാതെ വീടുകളിൽ അടച്ചിരിക്കുകയാണ് ഞങ്ങൾ കുട്ടികൾ. വിക്ടേഴ്‌സിലെ ക്ലാസുകളോടും ഞങ്ങളുടെ അദ്ധ്യാപകർ നൽകുന്ന ഓൺലൈൻ ക്ലാസുകളോടും ഞങ്ങൾ ഒരുവിധം പൊരുത്തപ്പെട്ടു കഴിഞ്ഞു.

കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഭക്ഷണം, വ്യായാമം, യോഗ, ശുചിത്വം, മാനസികാരോഗ്യം ഇവയും കൂടി വിക്ടേഴ്‌സിലെ ക്ലാസുകളിൽ ഉൾപ്പെടുത്തിയാൽ നന്നായി.

രക്ഷിതാക്കൾ ജോലിക്ക് പോകുമ്പോൾ പല വീടുകളിലും കുട്ടികൾ തനിച്ചാണ്. ഈ സമയത്ത് പല അപകടവും സംഭവിക്കാം. വൈദ്യുതാഘാതം, മുറിവുകൾ, തീപ്പൊള്ളൽ, ഒടിവുകൾ തുടങ്ങിയവയൊക്കെ സംഭവിക്കാൻ സാധ്യതയുണ്ട്. കൂടാതെ തലകറങ്ങി വീഴൽ, ഭക്ഷണം തൊണ്ടയിൽ കുടുങ്ങൽ, മുങ്ങിപ്പോകൽ തുടങ്ങിയവയും സാധാരണമാണ്.

പ്രഥമ ശുശ്രൂഷയ്ക്ക് ഇത്തരം സന്ദർഭത്തിൽ ഏറെ പ്രാധാന്യമുണ്ടല്ലോ. നമ്മുടെ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ‘മാതൃഭൂമി’ പത്രത്തിൽ വായിച്ചിരുന്നു. പ്രഥമ ശുശ്രൂഷയെക്കുറിച്ചുള്ള പാഠങ്ങൾ പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അങ്ങയോട് അഭ്യർത്ഥിക്കുന്നു. വിക്ടേഴ്‌സ് ചാനലിലൂടെയും ഇത്തരം പാഠങ്ങൾ സംപ്രേഷണം ചെയ്താൽ നന്നായി. പലരുടെയും ജീവൻ രക്ഷിക്കാൻ ഇത് സഹായകമായേക്കും.

സ്‌നേഹപൂർവം

വൈഗ അനീഷ്

ക്ലാസ് VII

മാതൃഭൂമി സീഡ് റിപ്പോർട്ടർ

ഗവ. യു.പി. സ്‌കൂൾ പിണ്ടിമന, കോതമംഗലം, എറണാകുളം

August 04
12:53 2021

Write a Comment

Related News