അപകടക്കെണിയായി തകർന്ന സ്ലാബ് തകർന്നുകിടക്കുന്ന സ്ലാബ്
തൃപ്പൂണിത്തുറ: തെക്കൻ പറവൂർ ഹോളി ഫാമിലി എൽ.പി. സ്‌കൂൾ പ്രധാന കവാടത്തിന് മുന്നിലുള്ള നടപ്പാതയുടെ സ്ലാബ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. പൊളിഞ്ഞ സ്ലാബിനു മുകളിലൂടെ മഴക്കാലത്ത് വെള്ളം നിറഞ്ഞ് ഒഴുകുന്നതോടെ ഇവിടെയുള്ള കുഴി ആളുകളുടെ ശ്രദ്ധയിൽപ്പെടാതെ വരും. വൈക്കം-എറണാകുളം റോഡിലെ തിരക്കേറിയ ഇടമാണിത്. കാൽനടക്കാരും സൈക്കിൾ യാത്രക്കാരും അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്. വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുവാനും തുടങ്ങിയിട്ടുണ്ട്. കാലമേറെയായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഈ സ്ലാബിനകത്തുനിന്നും കേറിവരുന്ന എലികളും പാമ്പുകളും മറ്റ് ക്ഷുദ്രജീവികളും പരിസരപ്രദേശങ്ങളിലെ താമസക്കാർക്ക് ദുരിതമാകുകയാണ്. അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പരിസരവാസികൾ.
August 04
12:53
2021