SEED News

കടുവ വിശേഷങ്ങൾ പങ്കുവെച്ച് മാതൃഭൂമി സീഡ് വെബിനാർ

കൊച്ചി: കടുവയുടെ നാക്കിനെ കുറിച്ച് നിങ്ങളിൽ എത്രപേർക്ക് അറിയാം? പല്ലിനോളംതന്നെ മൂർച്ചയുള്ള നാക്കിന്റെ ഉടമയാണ് നമ്മുടെ ദേശീയ മൃഗം. ചെറിയ കൂർത്ത മുള്ളുകൾ പൊന്തിനിൽക്കുന്നതുപോലെയാണ് കടുവയുടെ നാക്ക്. കാട്ടിലെ ഏറ്റവും ഭീകര ഗർജനവും കടുവയ്ക്കാണ്. മൂന്ന് കിലോമീറ്ററോളം ദൂരം ഇത് കേൾക്കാൻ കഴിയും. മാതൃഭൂമി സീഡും ഫെഡറൽ ബാങ്കും ചേർന്ന് ലോക കടുവദിന ആഘോഷത്തിന്റെ ഭാഗമായി നടത്തിയ വെബിനാറിൽ പങ്കുവെച്ച വിശേഷങ്ങളാണിത്. പെരിയാർ ടൈഗർ റിസർവിലെ ഫീൽഡ് ഡയറക്ടറും ഫോറസ്റ്റ് ചീഫ് കൺസർവേറ്ററുമായ കെ.ആർ. അനൂപാണ് കടുവകളെ കുറിച്ച് വിശദീകരിച്ചത്.


മുഗൾ സാമ്രാജ്യത്തിലും ബ്രിട്ടീഷ് ഭരണത്തിലും ഇന്ത്യയിൽ നടന്ന കടുവവേട്ട, പിൽക്കാലത്ത് കടുവകളുടെ എണ്ണത്തിൽ കുറവു വന്നതോടെ ഇന്ദിരാഗാന്ധിയുടെ ആഹ്വാനപ്രകാരം ആരംഭിച്ച 'പ്രോജക്ട് ടൈഗർ' പദ്ധതി, 1970-ൽ ആരംഭിച്ച കടുവ സങ്കേതങ്ങൾ തുടങ്ങിയവയെക്കുറിച്ചെല്ലാം അദ്ദേഹം സംസാരിച്ചു. കടുവകളുടെ എണ്ണം കണക്കാക്കുന്നതിനായി ആരംഭിച്ച പഗ്മാർക്ക് സെൻസസ്, കാമറ ട്രാപ്പിങ് രീതി എന്നിവയും വിശദീകരിച്ചു. ‍


2018-ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 2967 കടുവകളാണുള്ളത്. അടുത്ത കണക്കെടുപ്പ് 2022-ൽ നടക്കും. കടുവകളെക്കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.


മാതൃഭൂമി ന്യൂസിൽ സംപ്രേഷണം ചെയ്ത 'മംഗള' എന്ന കടുവക്കുട്ടിയുടെ വിശേഷങ്ങളും കെ.ആർ. അനൂപ് പങ്കുെവച്ചു.


സംസ്ഥാനത്തെ വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ച് 714 വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. മാതൃഭൂമി ന്യൂസ് റീജണൽ എഡിറ്റർ ബിജു പങ്കജ് മുഖ്യാതിഥിയെ പരിചയപ്പെടുത്തി. മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജർ പി. സിന്ധു സ്വാഗതം പറഞ്ഞു. മാതൃഭൂമി കണ്ണൂർ എക്സിക്യുട്ടീവ് സോഷ്യൽ ഇനിഷ്യേറ്റീവായ ബിജിഷ ബാലകൃഷ്ണൻ മോഡറേറ്ററായി.

August 04
12:53 2021

Write a Comment

Related News