reporter News

കൊട്ടത്തലച്ചിമലയെ മറക്കല്ലേ; റോ‍ഡിനെയും

ചെറുപുഴ: പശ്ചിമഘട്ടത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത്‌ 2700 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന മലയാണ് കൊട്ടത്തലച്ചിമല. നിരവധി അപൂർവ ഇനം ഔഷധസസ്യങ്ങളുടെ കലവറയാണിവിടം.

വിനോദ സഞ്ചാരികൾക്ക്‌ ഇഷ്ടപ്പെട്ട സ്ഥലമായി ഈ പ്രദേശം മാറുകയാണ്. എന്നാൽ ടൂറിസത്തിന്റെ മാറ്റ് കുറയ്ക്കുന്ന ഘടകം ഇവിടേക്കുള്ള റോഡുകളാണ്. ഏകദേശം 50 വർഷത്തിലേറെ പഴക്കമുള്ളതും പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ റോഡുകളിലൊന്നുമായ ഇടവരമ്പ്, കൂമ്പൻകുന്ന്, താബോർ, ജോസ്‌ഗിരി റോഡ് മലയോര ജനതയ്ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.

ചെറുപുഴ പഞ്ചായത്തിലെ 6,7,9,10 വാർഡുകളെയും ആലക്കോട്, ഉദയഗിരി, ചെറുപുഴ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ ശോചനീയമാണ്. കോവിഡ്കാലത്ത്‌ രോഗികളെയും കൊണ്ട്‌ ആംബുലൻസുകൾപോലും ഈ റോഡിലൂടെ കടന്നുപോകുന്നത് ഏറെ പണിപ്പെട്ടാണ്. റോഡിന്റെ ശോച്യാവസ്ഥ കാരണം റൂട്ട് റദ്ദാക്കുന്ന അവസ്ഥയാണ്.

മലയോര കർഷകർക്ക് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനുള്ള റോഡാണിത്. മഴക്കാലത്ത് മണ്ണൊലിപ്പും ചെളിവെള്ളം കെട്ടിനിൽക്കുന്നതും കാരണം കാൽനടയാത്ര ദുഷ്കരമാണ്. റോഡ് ഗതാഗതം സുഗമമാക്കാൻ അധികാരികളുടെ ശ്രദ്ധവേണമെന്ന് ഈ പ്രദേശത്തെ ജനങ്ങൾ ആവശ്യപ്പെടുന്നു.

കെ.ആർ.അഞ്ജന

സീഡ് റിപ്പോർട്ടർ,

ചെറുപുഴ ജെ.എം.യു.പി. സ്കൂൾ

August 04
12:53 2021

Write a Comment