reporter News

തോടല്ല, ഇത് അടിപ്പാത

കുമ്പളം: മഴപെയ്താൽ തോടാകുന്ന കുമ്പളത്തെ അടിപ്പാതയിൽ കുടുങ്ങി യാത്രക്കാർ. കുമ്പളം റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റോപ്പിനു താഴെയുള്ള അടിപ്പാത നാശമായിട്ട് ആഴ്ചകളായി. വൈറ്റില ഭാഗത്തുനിന്ന് വരുന്ന ബസ് യാത്രക്കാർക്ക് തിരക്കേറിയ നാലുവരിപ്പാത മുറിച്ചുകടക്കുമ്പോൾ ഉണ്ടാകുന്ന വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനു വേണ്ടിയാണ് ഹൈവേയുടെ കിഴക്കുവശം സ്റ്റെപ്പ് നിർമിച്ചത്. തുടർന്ന് അടിപ്പാത ലൈറ്റിട്ട് നവീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ അടിപ്പാതയിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ സഞ്ചാരയോഗ്യമല്ലാതായി മാറിയിരിക്കുന്നു. ചെറിയ മഴയത്തുപോലും വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയിലാണ് ഇവിടം. എല്ലാ മഴക്കാലത്തും വെള്ളം കെട്ടിക്കിടക്കുന്നതുകൊണ്ട് ഇപ്പോൾ വാഹനങ്ങൾക്കുപോലും കടന്നുപോകാൻ പറ്റാത്ത രീതിയിൽ ചെളിയും കുഴിയുമായി മാറിയിരിക്കുന്നു. ഒഴുകിപ്പോകാൻ സ്ഥലമില്ലാത്തതിനാൽ കുറെയധികം കാലത്തേക്ക് ഇവിടെ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. ഇതുമൂലം എലിപ്പനി പോലുള്ള സാംക്രമിക രോഗങ്ങൾ പരത്തിയേക്കുമെന്ന ഭീതി നിലനിൽക്കുന്നു. ആളൊഴിഞ്ഞ പ്രദേശമായ ഇവിടെ ആളുകൾ മാലിന്യം നിക്ഷേപിക്കുന്നതുകൊണ്ട് തെരുവുനായ്ക്കളുടെ ശല്യവും കൂടുതലാണ്. സമീപത്തുള്ള പുഴയിലേക്ക് കുഴിയെടുത്ത്‌ പൈപ്പ് താഴ്ത്തിയാൽ ഒരു പരിധിവരെ ഈ വെള്ളക്കെട്ട്‌ പ്രശ്നം പരിഹരിക്കാനാകും. ഇവിടത്തെ വെള്ളക്കെട്ടും മറ്റ് പ്രശ്നങ്ങളും അധികൃതർ അവഗണിക്കുന്ന അവസ്ഥയാണ്.

ഒലീവിയ ജോസഫൈൻ

സീഡ് റിപ്പോർട്ടർ

നാലാം ക്ലാസ്, സെയ്ന്റ് മേരീസ് യു.പി. സ്കൂൾ, കുമ്പളം.

August 12
12:53 2021

Write a Comment