reporter News

എ.സി. റോഡിൽ വെട്ടുന്ന തണൽമരങ്ങൾക്കുപകരം മരങ്ങൾ നടുമോ..?

കുട്ടനാട്: എ.സി. റോഡ് നവീകരണത്തിന്റെപേരിൽ വെട്ടിമാറ്റുന്ന തണൽമരങ്ങൾക്കുപകരം മരങ്ങൾ നടുമോയെന്നുചോദിച്ച് പൊതുമരാമത്തുമന്ത്രി മുഹമ്മദ് റിയാസിന് എട്ടാം ക്ലാസുകാരിയുടെ കത്ത്. കിടങ്ങറ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗം ആര്യാ മനോജാണു കത്തയച്ചത്. റോഡിലൂടെ മരങ്ങൾ മുറിക്കുന്നതിനുമുൻപും ശേഷവും യാത്രചെയ്തപ്പോൾ ഉണ്ടായ അനുഭവങ്ങളും കണ്ടകാഴ്ചകളും ഉൾപ്പെടുത്തിയാണു കത്ത് തയ്യാറാക്കിയിരിക്കുന്നത്. തപാൽമാർഗം മന്ത്രിക്ക് കത്ത് അയക്കുകയും ചെയ്തു.
ആര്യയുടെ കത്തിൽനിന്ന്- 'റോഡു നവീകരണത്തിന്റെ ഭാഗമായി ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ 851 തണൽ മരങ്ങളാണു മുറിച്ചുമാറ്റാൻ പോകുന്നതെന്ന് മാതൃഭൂമി പത്രത്തിലൂടെ അറിഞ്ഞു. കുട്ടനാടിനെ പ്രളയത്തിൽനിന്ന് രക്ഷിക്കാനുള്ള എ.സി റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ഈ മരങ്ങൾ മുറിച്ചു മാറ്റുന്നത്. എ.സി. റോഡിൽക്കൂടിയുള്ള യാത്രക്കാർക്കു കുളിർമ നൽകിയിരുന്ന മരങ്ങളാണു മുറിക്കുന്നത്. 2010-11 കാലഘട്ടത്തിലെ സാമൂഹിക വനവത്കരണപദ്ധതി പ്രകാരമാണു റോഡിൽ 2,100 മരങ്ങൾ നട്ടത്. കുട്ടനാടിന്റെ ഹരിതാഭയിൽനിന്ന്‌ മുറിച്ചുമാറ്റപ്പെടുന്ന ഈ വൃക്ഷങ്ങൾ തീരാനഷ്ടമായി അവശേഷിക്കുമോ? എ.സി. റോഡിനുസമീപത്തുള്ള നാട്ടുകാരുടെയും പരിപാലനങ്ങൾ ഏറ്റുതന്നെയാണ് ഇവ വളർന്നത്. ഓരോ ഫലവൃക്ഷങ്ങളും കായ്ക്കുമ്പോൾ അവയുടെ മാധുര്യം നുകർന്നുതുടങ്ങിവരുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഇത്രയുംപെട്ടെന്ന് അവ ഭൂമിയിൽനിന്ന് വേരറ്റുപോകുന്ന കാഴ്ച ഹൃദയഭേദകമാണ്.’

ആര്യാ മനോജ്
കിടങ്ങറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ.


August 14
12:53 2021

Write a Comment