SEED News

അരുതേ... പുത്തൻതോടിനെ മലിനമാക്കരുതേ

ചന്തിരൂർ: ജലാശയങ്ങളുടെ നാടെന്നു വിശേഷിപ്പിക്കുന്ന ആലപ്പുഴയിലെ അരൂർമണ്ഡലത്തിലാണ് ചന്തിരൂരെന്ന ഗ്രാമം. ഇവിടെ അന്തരീക്ഷമാകെ മലിനമായിക്കെണ്ടിരിക്കുകയാണ്. ഗ്രാമത്തിലെ പുരാതനമായ പുത്തൻതോടിന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല. വെളുത്തുള്ളി കായലിനെയും വേമ്പനാട്ടു കായലിനെയും ബന്ധിപ്പിക്കുന്ന ജലഗതാഗതമാർഗം കൂടിയായിരുന്നു ഈ തോട്. ചരക്കുമായി കേവുവള്ളങ്ങൾ കടന്നുപോകുന്ന മനോഹരകാഴ്ച പഴങ്കഥയായി. നാട്ടുകാർ കുളിക്കാനും വസ്ത്രംകഴുകാനും ആശ്രയിച്ചിരുന്നത് പുത്തൻതോടിനെയാണ്. ചന്തമുള്ള നാടിന്റെ സ്വന്തമായ പുത്തൻതോട് ഇറച്ചിക്കടകളിലെയും കോഴിക്കടകളിലെയും മാലിന്യങ്ങൾ തള്ളുന്നയിടമായി മാറിക്കഴിഞ്ഞു. പ്ലാസ്റ്റിക്ക്‌ ഉൾപ്പടെയുള്ള മാലിന്യങ്ങൾ വേറെയും. മൂക്കുപൊത്താതെ തോട്ടരികിലൂടെ കടന്നുപോകാനാവാത്ത സ്ഥിതിയാണ്. മലിനമായ തോട്ടിൽ ആരും കാലുകുത്താതായി. കൊതുകുകളും പെരുകുകയാണ്. ജലാശയങ്ങളെ സംരക്ഷിക്കണമെന്നു പലരും മുറവിളികൂട്ടുമ്പോൾ  പുത്തൻതോട് ഇന്നുമൊരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു. ചന്തിരൂരിന്റെ സുന്ദരി, ദുർഗന്ധം പരത്തുന്ന മാലിന്യവാഹിനിയായി മാറിക്കഴിഞ്ഞു. ജലാശയം മരണശയ്യയിലാണ്. പുത്തൻതോടിനെ ശുചിയാക്കി സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ചന്തിരൂരുകാരുടെ ആവശ്യം.

ഷാദിയ നജാഹ്, 
സീഡ് റിപ്പോർട്ടർ,
ജി.എച്ച്.എസ്.എസ്., ചന്തിരൂർ.

August 18
12:53 2021

Write a Comment

Related News