SEED News

വിജയത്തിന്റെ താക്കോൽ സ്വപ്‌നവും കഠിനാധ്വാനവും - ശ്രീജേഷ് മാതൃഭൂമി സീഡ് ദേശീയ കായിക ദിന വെബിനാർ നടത്തി

കൊച്ചി: സ്വപ്നങ്ങൾ കാണുന്നതും അതു സാക്ഷാത്കരിക്കാൻ കഠിനമായി അധ്വാനിക്കുന്നതുമാണ് വിജയത്തിന്റെ താക്കോലെന്ന് ഒളിമ്പിക്സ് മെഡൽ ജേതാവായ ഇന്ത്യൻ ഹോക്കി താരം പി.ആർ. ശ്രീജേഷ്.

മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന്‌ സ്കൂളുകളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ ഭാഗമായി ദേശീയ കായിക ദിനത്തിൽ നടത്തിയ വെബിനാറിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടർ കൂടിയായ ശ്രീജേഷ്.

ഇന്നു ചെയ്യുന്നതിനെക്കാൾ നന്നായി അടുത്ത ദിവസം ചെയ്യാനാകുമെന്ന്‌ ഉറപ്പിക്കുകയും അതു പ്രാവർത്തികമാക്കുകയുമാണ് പ്രധാനം. സ്കൂൾ തലത്തിൽ ഹോക്കിയിൽ ഗോൾകീപ്പറായി തുടങ്ങുമ്പോൾ ഫോർവേഡുകൾ അടിച്ച മികച്ച പത്ത്‌ ഷോട്ടിൽ പത്തും ഞാൻ കാവൽ നിന്ന വലയിൽ കയറിയിരുന്നു.

കുറേ കളികൾ കഴിഞ്ഞപ്പോൾ പത്തിൽ രണ്ടെണ്ണം തടയാനായി. കുറച്ചുകൂടി കഴിഞ്ഞപ്പോൾ പത്തിൽ അഞ്ചെണ്ണം തടഞ്ഞ ഞാൻ അതിനടുത്ത മത്സരങ്ങളിൽ പത്തിൽ പത്തും തടയുമെന്ന ആത്മവിശ്വാസത്തിലായി. അങ്ങനെയാണ് ഓരോ ലക്ഷ്യത്തിലേക്കും നമ്മൾ മുന്നേറേണ്ടതെന്നും ശ്രീജേഷ് പറഞ്ഞു.

ഇന്ത്യൻ ഹോക്കിയുടെ രാജാവായിരുന്ന ധ്യാൻചന്ദിന്റെ ജന്മദിനത്തിൽ രാജ്യത്തെ കായികമേഖല കൂടുതൽ ഉണർവിലാണെന്നത് സന്തോഷകരമായ യാഥാർത്ഥ്യമാണ്. ഒളിമ്പിക്സ് ഹോക്കിയിൽ നേടിയ വിജയം രാജ്യത്തെ അത്രമേൽ സന്തോഷിപ്പിക്കുകയും അഭിമാനപൂരിതമാക്കുകയും ചെയ്തിട്ടുണ്ട്. അതിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ശ്രീജേഷ് പറഞ്ഞു. വെബിനാറിൽ ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് ആൻഡ് ഹെഡ് ഡിജിറ്റൽ പി.വി. ജിതേഷ് ആമുഖ പ്രഭാഷണം നടത്തി.

മാതൃഭൂമി കൊച്ചി യൂണിറ്റ് ന്യൂസ് എഡിറ്റർ എസ്. പ്രകാശ്, യൂണിറ്റ് മാനേജർ പി. സിന്ധു എന്നിവർ പങ്കെടുത്തു. വെബിനാറിൽ മാതൃഭൂമി സീനിയർ റിപ്പോർട്ടർ സിറാജ് കാസിം മോഡറേറ്ററായിരുന്നു. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽനിന്നായി 800-ലേറെ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.

August 30
12:53 2021

Write a Comment

Related News