SEED News

മാതൃഭൂമി സീഡ് വെബിനാര്‍ അധ്യാപകര്‍ കണ്ടെത്തണം ഭാവിയിലെ സിവില്‍ സര്‍വീസുകാരെ - കസ്റ്റംസ് കമ്മീഷണര്‍

കൊച്ചി: 'സാറിനെ പോലെ വലിയ ആളാകണമെന്നാണ് എന്റെ ആഗ്രഹം...ആ സ്വപ്‌നത്തിലേക്കെത്താന്‍ ഞാനിപ്പോഴേ എന്തൊക്കെ ശ്രദ്ധിക്കണം..' കൊല്ലം സെന്റ് സ്റ്റീഫന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസുകാരന്‍ സിദ്ധാര്‍ഥ് സുരേഷിന്റേതായിരുന്നു ചോദ്യം. കസ്റ്റംസ് കമ്മീഷണര്‍ പി.കെ. മുഹമ്മദ് യൂസഫ് ചിരിച്ചു കൊണ്ട് ചോദിച്ചു; 'മോനെ, അഞ്ചാംക്ലാസ് എന്നൊക്കെ പറയുമ്പോള്‍ വളരെ നേരത്തെയാണ്. ഇപ്പോഴേ ഈ കാര്യങ്ങളൊന്നും ആലോചിക്കേണ്ട...പഠിക്കാനുള്ളത് നന്നായി പഠിക്കു. കുറേക്കൂടി വലിയ ക്ലാസിലെത്തുമ്പോള്‍ സിവില്‍ സര്‍വീസിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങാം കേട്ടോ..'

കാസര്‍കോട് കുട്ടമത്ത് എസ്.ജി.എച്.എസ്സിലെ ശ്രീഷയുടെ ചോദ്യം കുറേ കൂടി കടുപ്പമുള്ളതായിരുന്നു..'ജോലിക്കിടയില്‍ വലിയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവുന്നില്ലേ..'. അതിനും ആദ്യം പുഞ്ചിരിയായിരുന്നു കസ്റ്റംസ് കമ്മീഷണറുടെ മറുപടി, 'കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിവിധ തരത്തിലുള്ള സമര്‍ദ്ദം അനുഭവിക്കുന്നവരാണ്. ഇതിനെ നമ്മള്‍ എങ്ങനെ തരണം ചെയ്യുന്നു എന്നതിലാണ് കാര്യം. മനുഷ്യന്‍ ഇത്തരം സമ്മര്‍ദ്ദങ്ങളെ പരിചയസമ്പത്തു കൊണ്ട് അതിജീവിക്കും. അതൊരു വലിയ കാര്യമായി കാണേണ്ടതില്ല...' അദ്ദേഹം പറഞ്ഞു.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള നാനൂറിലേറെ അധ്യാപകരും വിദ്യാര്‍ഥികളുമാണ് 'മാതൃഭൂമി' സീഡ് വെബിനാറില്‍ സിവില്‍സര്‍വീസ് സംശയങ്ങളുമായെത്തിയത്. അധ്യാപകദിനത്തിന് മുന്നോടിയായാണ് 'മാതൃഭൂമി'യും 'ഫെഡറല്‍ ബാങ്കും' ചേര്‍ന്ന് വിദ്യാലയങ്ങളില്‍ നടത്തുന്ന സീഡ് പദ്ധതിയുടെ ഭാഗമായി 'രാഷ്ട്ര നിര്‍മാണത്തില്‍ സിവില്‍ സര്‍വീസിന്റെയും ഐ.ആര്‍.എസ്സിന്റെയും പങ്ക്' എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചത്.

സിവില്‍ സര്‍വീസ് സ്വപ്‌നത്തിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കാന്‍ പാഠ്യപദ്ധതികളില്‍ മാറ്റം വരുത്തണോ എന്ന ചോദ്യത്തിനായിരുന്നു അധ്യാപകദിനത്തോടു കൂടി ചേര്‍ന്നു നില്‍ക്കുന്നന്ന ഉത്തരം കമ്മീഷണര്‍ നല്‍കിയത്. 'അധ്യാപകര്‍ സമൂഹത്തോട് ചെയ്യുന്നത്ര വലിയ സേവനം മറ്റാരും ചെയ്യുന്നില്ല. നാളത്തെ തലമുറയുടെ കഴിവുകള്‍ കണ്ടെത്തി വളര്‍ത്തുകയാണ് അവര്‍ ചെയ്യുന്നത്. ചെറിയ ക്ലാസ്സുകളിലെ കുട്ടികളെ അവരുടെ താത്പര്യങ്ങള്‍ക്ക് വിടുക. ഹൈസ്‌കൂള്‍തലം മുതല്‍ സിവില്‍ സര്‍വീസിലേക്കെത്താന്‍ തക്ക സാമര്‍ഥ്യവും താത്പര്യവും കാണിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം അധ്യാപകര്‍ നല്‍കണം. സിവില്‍ സര്‍വീസിനെക്കുറിച്ച് ക്ലാസുകളില്‍ പൊതുവില്‍ അവബോധം നല്‍കുകയും വേണം.' അദ്ദേഹം പറഞ്ഞു.

വെബിനാറില്‍ ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും മാര്‍ക്കറ്റ് റിസ്‌ക് തലവനും ഇ.എസ്.ജിയുമായ എ. അജിത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമി കൊച്ചി ന്യൂസ് എഡിറ്റര്‍ എസ്. പ്രകാശ്, യൂണിറ്റ് മാനേജര്‍ പി. സിന്ദു, സോഷ്യല്‍ ഇനിഷ്യേറ്റീവ് എക്‌സിക്യൂട്ടീവ് റോണി ജോണ്‍ എന്നിവര്‍ സംസാരിച്ചു.

September 06
12:53 2021

Write a Comment

Related News