reporter News

മാലിന്യക്കൂമ്പാരമായി വണ്ടാനം കാവ്


അമ്പലപ്പുഴ: കാടുകളില്ലാത്ത ജില്ലയെന്നു പേരുകേട്ട ആലപ്പുഴയിലെ ജൈവവൈവിധ്യകലവറയായ വണ്ടാനം കാവ് മാലിന്യംതള്ളുന്ന കേന്ദ്രമായി. നൂറ്റാണ്ടുകൾ പഴക്കമുള്ള കാവ് അപൂർവയിനത്തിൽപ്പെട്ട വൻമരങ്ങൾ, കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ, ഔഷധസസ്യങ്ങൾ, ആൽഗകൾ, ഫംഗസുകൾ, കുളങ്ങൾ, 20 തരം പക്ഷികൾ, 15 തരം ചിത്രശലഭങ്ങൾ, ഏഴുതരം ഉരഗങ്ങൾ, മൂന്നുതരം സസ്തനികൾ തുടങ്ങിയവയാൽ സമ്പന്നമാണ്. വംശനാശഭീഷണി നേരിടുന്ന 12 സസ്യയിനങ്ങളും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വിരുന്നെത്തുന്ന ദേശാടനപ്പ
ക്ഷികളും മറ്റൊരു പ്രത്യേകതയാണ്.
ജീവജാലങ്ങളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്ന പ്രവർത്തനങ്ങളാണിവിടെ നടക്കുന്നത്. വീടുകളിലെയും ഹോട്ടലുകളിലെയും അറവുശാലകളിലെയും മാലിന്യങ്ങളാണ് രാത്രികാലങ്ങളിൽ തള്ളുന്നത്. ദുർഗന്ധംമൂലം സമീപത്തെ റോഡിലൂടെയുള്ള യാത്രതന്നെ ദുരിതത്തിലാണ്. പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതിന് വഴിയൊരുക്കിയിരിക്കുകയാണു മാലിന്യം തള്ളൽ. സമൂഹവിരുദ്ധരുടെയും മദ്യപാനികളുടെയും താവളമായും കാവു മാറിയിരിക്കുന്നു. ഓക്‌സിജൻ പാർലറുകൾ എന്നുവിശേഷിപ്പിക്കുന്ന കാവുകൾ സംരക്ഷിക്കേണ്ടത് ഭൂമിയിലെ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിന്റെകൂടി ആവശ്യമാണ്. കാവുസംരക്ഷിക്കാൻ അധികൃതർ തയ്യാറാകുമെന്ന  പ്രതീക്ഷയിലാണ് പ്രകൃതിസ്നേഹികൾ.

September 20
12:53 2021

Write a Comment