reporter News

വേമ്പനാട്ടുകായലിനെ മാലിന്യമുക്തമാക്കണം


പൂച്ചാക്കൽ: വേമ്പനാട്ടുകായലിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ശോചനീയമാണ്. കായലിലേക്കു വലിച്ചെറിയുന്ന പ്ലാസ്റ്റിക്  മാലിന്യങ്ങൾ, ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങൾ, വ്യവസായസ്ഥാപനങ്ങളിൽനിന്നൊഴുക്കിവിടുന്ന മാലിന്യങ്ങൾ, വീടുകളിൽനിന്നൊഴുക്കിവിടുന്ന കക്കൂസ് മാലിന്യം തുടങ്ങിയവ കായലിന്റെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നു.
മാലിന്യം കായലിൽ അടിഞ്ഞുകൂടുന്നതിന്റെ ഫലമായി മീനുകൾക്കു മുട്ടയിടാൻ സാധിക്കുന്നില്ല. മത്സ്യങ്ങൾ ചത്തുപോകുകയും ചെയ്യുന്നു. 
കായലിലേക്കുവലിച്ചെറിയുന്ന പ്ലാസ്റ്റിക്, മറ്റുമാലിന്യങ്ങൾ എന്നിവ ജലാശയത്തിന്റെ അടിത്തട്ടിൽവന്നടിയുന്ന അവസ്ഥയാണ്. കരയിൽനിന്നുള്ള ചളിയും മണ്ണുമെല്ലാം ഒഴുകി കായലിന്റെ ആഴം കുറഞ്ഞു. മഴക്കാലമാകുമ്പോൾ കായലിലെ ജലനിരപ്പുയരുകയും തീരപ്രദേശത്തു താമസിക്കുന്നവരുടെ വീടുകളിൽ വെള്ളംകയറുകയുംചെയ്യുന്ന സ്ഥിതിയാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തരമായി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉചിതമായ തീരുമാനങ്ങളുണ്ടാകണം.
ചില പരിഹാരനിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നു. കായലിന്റെ ആഴം വർധിപ്പിക്കുക, മലിനജലം കായലിലേക്കൊഴുക്കുന്നതു തടയുക, പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും വലിച്ചെറിയുന്നവർക്കെതിരേ നടപടി സ്വീകരിക്കുക, തീരദേശം കല്ലുകെട്ടി സംരക്ഷിക്കുക, വ്യവസായശാലകളിൽ മലിനീകരണം തടയുന്നതിനു പ്ലാന്റുകൾ സ്ഥാപിക്കുക.
എസ്.വി. ദേവേന്ദു, 
സീഡ് റിപ്പോർട്ടർ 
ജി.യു.പി.എസ്. ഓടമ്പള്ളി.

September 20
12:53 2021

Write a Comment