SEED News

മാതൃഭൂമി സീഡ്: സംസ്ഥാനതല പച്ചക്കറിവിത്തുവിതരണം തുടങ്ങി

ആലപ്പുഴ: മാതൃഭൂമി സീഡും സംസ്ഥാന കൃഷിവകുപ്പും ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന പച്ചക്കറിത്തോട്ടത്തിനുള്ള വിത്തുവിതരണം തുടങ്ങി. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. കർഷകനെന്ന പദവിയെക്കാൾ ആദരിക്കപ്പെടേണ്ട മറ്റൊന്നുമില്ലെന്നു മന്ത്രി പറഞ്ഞു. കൃഷിയെയും പ്രകൃതിയെയും മണ്ണിനെയും മനുഷ്യനെയും അറിയുന്ന ഒരുതലമുറയെയാണു വാർത്തെടുക്കേണ്ടത്. മണ്ണിനെ സ്നേഹിക്കുന്നവർക്ക് അക്രമകാരികളാകാൻ കഴിയില്ല. കുറ്റകൃത്യങ്ങൾ കുറച്ച്‌ നല്ലനാടിനെസൃഷ്ടിക്കാൻ കഴിയുന്ന തലമുറയുണ്ടാവണം. അതിനായി മാതൃഭൂമി സീഡ് നടത്തുന്ന ഇടപെടൽ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ശൂരനാടുവടക്ക്‌ പഞ്ചായത്തിലെ കിഴകിട ഏലായിൽ നടന്ന ചടങ്ങിൽ സി.ബി.എം.എച്ച്.എസ്.എസ്. നൂറനാട്, വി.വി.എച്ച്.എസ്.എസ്. താമരക്കുളം, ഗവ. എച്ച്.എസ്. പയ്യനല്ലൂർ, വി.എച്ച്.എസ്.എസ്. ചത്തിയറ, ഗവ. എച്ച്.എസ്.എസ്. ശൂരനാട് എന്നീ സ്കൂളുകളിലെ സീഡ് അധ്യാപക കോ-ഓർഡിനേറ്റർമാർ മന്ത്രിയിൽനിന്നു വിത്തുകൾ ഏറ്റുവാങ്ങി.  ഫെഡറൽ ബാങ്ക് അസി. വൈസ് പ്രസിഡന്റ് ജി. അനിത അധ്യക്ഷത വഹിച്ചു. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ ഡെപ്യൂട്ടി മാനേജർ മനോജ് പൊന്നൻ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മോഹൻ ശങ്കർ, ശൂരനാട് വടക്ക് ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ് എസ്. ശ്രീകുമാർ, മാതൃഭൂമി തിരുവനന്തപുരം ന്യൂസ് എഡിറ്റർ ഇൻ ചാർജ് പി. അനിൽ കുമാർ എന്നിവർ പങ്കെടുത്തു.

September 24
12:53 2021

Write a Comment

Related News