SEED News

വലിയ ചോദ്യങ്ങളുമായി കുട്ടികൾ കൃത്യം മറുപടിയുമായി കളക്ടർ ജാഫർ മാലിക്‌

ജില്ലാ കളക്ടറെ കൈയിൽ കിട്ടിയപ്പോൾ കാത്തുവെച്ച ചോദ്യമെല്ലാം തുറന്നുചോദിച്ച് കുട്ടികൾ. ആഗോള താപനം മുതൽ നഗരത്തിലെ വെള്ളക്കെട്ടും വിനോദസഞ്ചാര മേഖലയുമെല്ലാം ചോദ്യങ്ങളായി. ചിരിച്ചുകൊണ്ട് അതിനെല്ലാം ഉചിതമായി മറുപടി നൽകി ജില്ലാ കളക്ടർ ജാഫർ മാലിക്‌ കുട്ടികളെ കൈയിലെടുത്തു. ആലുവയിൽ ‘മാതൃഭൂമി ആർബറേറ്റ’ത്തിൽ സ്കൂൾ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

മാലിന്യം പെരുകുന്ന നാടിന്റെ ദുരവസ്ഥയെ തുറന്നുകാട്ടുന്ന ചോദ്യങ്ങളായിരുന്നു കുട്ടികളുടെ ചോദ്യങ്ങളിൽ അധികവും. ഭൂമി മലിനമാകുന്നതിൽ കുട്ടികളുടെ ആശങ്കയായിരുന്നു ഈ ചോദ്യങ്ങളിൽ ഉണ്ടായിരുന്നത്. മാലിന്യനിർമാർജ്ജനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നല്ലതുപോലെ ചെയ്യുന്നുണ്ടെന്നും എന്നാൽ, പൗരൻ എന്ന നിലയിൽ ഗാർഹികമാലിന്യം സ്വയം സംസ്കരിക്കാൻ വഴി കണ്ടെത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

മൂന്നുവർഷം മുൻപുണ്ടായ പ്രളയത്തിനു ശേഷം വെള്ളപ്പൊക്കം നിയന്ത്രിക്കാൻ സർക്കാർതലത്തിൽ വലിയ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. കൊച്ചി നഗരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ‘ഓപ്പറേഷൻ ബ്രേക്ക് ത്രൂ’ എന്ന പദ്ധതി നടപ്പിലാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

സ്കൂളുകൾ തുറക്കുന്നതിന്റെ ആശങ്ക പങ്കുവെയ്ക്കാനും കുട്ടികൾ മറന്നില്ല. എന്നാൽ, ഓൺലൈൻ പഠനവും സ്കൂളിലെ പഠനവും തമ്മിലുള്ള വ്യത്യാസം കുട്ടികളെ പറഞ്ഞുമനസ്സിലാക്കിയാണ് കളക്ടർ ഈ ചോദ്യത്തെ നേരിട്ടത്. കൂടുതൽ അറിവും അനുഭവവും നേടേണ്ട പ്രായത്തിൽ അത് സ്വായത്തമാക്കാൻ സ്കൂളിൽത്തന്നെ എത്തണമെന്ന് അദ്ദേഹം പറഞ്ഞു.

അൻവർ സാദത്ത് എം.എൽ.എ., അസിസ്റ്റന്റ് കളക്ടർ സച്ചിൻകുമാർ യാദവ് എന്നിവരും പങ്കെടുത്തു. തൃക്കാക്കര നവനിർമാൺ പബ്ലിക്‌ സ്കൂൾ, എളമക്കര ഭവൻസ് വിദ്യാമന്ദിർ, ഇല്ലിത്തോട് ഗവൺമെന്റ് യു.പി. സ്കൂൾ എന്നീ സ്കൂളുകളിലെ ‘സീഡ്’ അംഗങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.

September 28
12:53 2021

Write a Comment