പാതിരാമണൽ പുനരധിവാസ പ്രദേശത്ത് വെള്ളക്കെട്ടു രൂക്ഷം
മുഹമ്മ: പാതിരാമണൽ ദ്വീപിൽനിന്നു വിനോദസഞ്ചാരത്തിന്റെ പേരിൽ കായിപ്പുറത്തു പുനരധിവസിപ്പിക്കപ്പെട്ട 13 വീട്ടുകാർക്കു ദുരിതം. ഇവർ താമസിക്കുന്ന പ്രദേശത്ത് ഒരുമഴപെയ്താൽപ്പോലും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടാകുന്നതു പതിവാകുന്നു. പ്രദേശത്തു വീടുകളുടെ എണ്ണവും വർധിച്ചു. ഇതോടൊപ്പം റോഡിന്റെയും മതിൽക്കെട്ടുകളുടെയും നിർമാണവും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കുതടയാൻ കാരണമായി. മുൻകാലങ്ങളിൽ കായലിലേക്കു വെള്ളം ഒഴുകിപ്പോകുന്നതിനുണ്ടായിരുന്ന കൈവഴികൾ നികത്തപ്പെട്ടതുമൂലം വെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെട്ടു. കൊതുകുജന്യരോഗങ്ങൾ ഉൾപ്പെടെ പലതരം രോഗങ്ങൾക്ക് ഇതുവഴിവെക്കുന്നുവെന്നു പ്രദേശവാസികൾ പറയുന്നു. വെള്ളം ഒഴുകിപ്പോകുന്നതിനുണ്ടായിരുന്ന ചെറുകൈവഴികൾ പുനഃസ്ഥാപിക്കുകയും വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങളിൽനിന്നു ചെറിയ കൈവഴികൾ നിർമിച്ചു കായലിലേക്കു വെള്ളം ഒഴുകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താൻ അധികൃതരുടെ അടിയന്തര ശ്രദ്ധ ആവശ്യമാണ്
September 30
12:53
2021