വഴിമുടക്കി വഴിവിളക്കുകൾ...
നെല്ലിമറ്റം: ദേശീയപാതയോട് ചേർന്ന് നെല്ലിമറ്റം-കാട്ടാട്ടുകുളം റോഡിൽ രണ്ട് കിലോമീറ്റർ ദൂരത്തിൽ വഴിവിളക്കുകൾ നാളുകളായി പ്രകാശിക്കുന്നില്ല. ജനസാന്ദ്രതയുള്ള റോഡിൽ സന്ധ്യ കഴിഞ്ഞാൽ കൂരിരുട്ടിൽ തപ്പിത്തടഞ്ഞ് നടക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.
മഴയും ഇരുട്ടും കൂടിയാകുമ്പോൾ വഴിനടക്കാൻ പ്രയാസമാണ്. ജോലി കഴിഞ്ഞ് വീടുകളിലേക്ക് കാൽനടയായും ഇരുചക്രവാഹനത്തിലും വരുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ഇരുട്ടിന്റെ മറവിൽ മോഷ്ടാക്കളുടെ ശല്യവും തെരുവുനായകളുടെ ഉപദ്രവവും കൂടിവരുകയാണ്.
ഇരുട്ട് മുതലെടുത്തുള്ള സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടവും ഭീഷണിയാണ്. ഇടവഴിയിലെ വഴിവിളക്കുകൾ അടിയന്തരമായി പ്രകാശിപ്പിച്ച് സുരക്ഷിതയാത്ര ഉറപ്പാക്കണം.
കേടായ ബൾബ് മാറ്റി വേണ്ട അറ്റകുറ്റപ്പണി നടത്തി പരിഹാരം ഉണ്ടാക്കുന്നതിന് അധികൃതരുടെ ഭാഗത്തു നിന്ന് ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.