reporter News

പുത്തൻതോടിന്റെ മാലിന്യപ്രശ്നത്തിൽ ഇടപെടുമെന്ന് എ.എം. ആരിഫ്

തുറവൂർ: ചന്തിരൂർ പുത്തൻതോടിന്റെ മാലിന്യപ്രശ്നത്തിൽ ഇടപെടുമെന്ന് എ.എം. ആരിഫ് എം.പി. മാലിന്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചന്തിരൂർ ജി.എച്ച്.എസ്.എസിലെ സീഡ് റിപ്പോർട്ടർ ഷാദിയ നജാസ് അയച്ച നിവേദനത്തെ തുടർന്നാണ് എം.പി.യുടെ മറുപടിക്കത്ത് എത്തിയത്. ഷാദിയ തയ്യാറാക്കിയ റിപ്പോർട്ട് മാതൃഭൂമി ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ജില്ലയിലെ പുരാതനമായ തോടുകളിലൊന്നാണു പുത്തൻതോട്. വെളുത്തുള്ളി, വേമ്പനാട്ടുകായലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തോട് മാലിന്യംനിറഞ്ഞ് ഒഴുക്കുനിലച്ചു. ദുർഗന്ധംവമിക്കുന്ന തോടിനുസമീപത്തുകൂടി മൂക്കുപൊത്താതെ കടന്നുപോകാൻ കഴിയാത്തസ്ഥിതിയാണ്. തോടിനെ പഴയ പ്രതാപത്തിലേക്കുയർത്താൻ നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു നിവേദനം. ചന്തിരൂരിൽ പൊതുമലിനീകരണ പ്ലാന്റ്‌ നിർമിക്കാൻ നിരന്തരം ശ്രമങ്ങൾ നടത്തുന്നുണ്ട്. ശ്രമങ്ങൾ ഇനിയും തുടരും. സമീപഭാവിയിൽ പ്ലാന്റ്‌ യാഥാർഥ്യമാകുമെന്നു പ്രത്യാശിക്കാം. സ്കൂൾ തുറന്നശേഷം ചന്തിരൂർ സ്കൂളിൽ നേരിട്ടെത്തി കുട്ടികളുമായി പ്രശ്നങ്ങൾ ചർച്ചചെയ്യാനാഗ്രഹമുണ്ട്. ഭാവിയിൽ ഇത്തരം പൊതുതാത്പര്യമുള്ള വിഷയങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവന്നു പരിഹാരംകാണാൻ സ്കൂളിലെ മുഴുവൻ സീഡ് ക്ലബ്ബ്‌ അംഗങ്ങൾക്കും കഴിയട്ടെയെന്നും  എം.പി.യുടെ കത്തിൽ പറയുന്നു. 

October 07
12:53 2021

Write a Comment