അപകടാവസ്ഥയിലായ വൈദ്യുതത്തൂൺ മാറ്റി
മധുർ: പഞ്ചായത്തിലെ പൊതുവഴിയിൽ അപകടക്കെണിയൊരുക്കിയ വൈദ്യുതത്തൂൺ മാറ്റി. പതിനാലാം വാർഡിലെ കൂഡ്‌ലു രാംദാസ് നഗറിനടുത്തുള്ള എസ്.ജി. ക്ഷേത്രത്തിനരികിലൂടെയുള്ള പൊതുവഴിയിലാണ് കാലപ്പഴക്കം കാരണം വൈദ്യുതത്തൂൺ ദ്രവിച്ച് അപകടഭീഷണി ഉയർത്തിയിരുന്നത്.
തുരുമ്പെടുത്ത് ദ്രവിച്ച കമ്പിയിൽ വീഴാറായി നിൽക്കുന്ന വൈദ്യുതത്തൂണിനെക്കുറിച്ച് 'മാതൃഭൂമി സീഡ് റിപ്പോർട്ടർ' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എസ്.വി.സ്നേഹ (എടനീർ സ്വാമിജീസ് ഹയർ സെക്കൻഡറി സ്കൂൾ പ്ളസ് ടു സയൻസ് വിദ്യാർഥിനി)യായിരുന്നു 'മാതൃഭൂമി സീഡ് റിപ്പോർട്ടർ. ഗ്രാമസഭയിലും വൈദ്യുതി ബോർഡിലും നിരന്തരം ആവശ്യപ്പെട്ടിട്ടും തൂൺ മാറ്റാനുള്ള നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. വഴിയുടെ ഇരുവശത്തുള്ള വീട്ടുകാർക്ക് ഏറെ ഭീഷണിയുയർത്തിയിരുന്നു തൂൺ. വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് നാട്ടുകാർ വൈദ്യുതി ബോർഡിനെ സമീപിക്കുകയും പുതിയ വൈദ്യുത തൂൺ സ്ഥാപിക്കുകയും ചെയ്തു.