reporter News

വൈറസ് രോഗബാധ; വെണ്ടക്കർഷകർ ദുരിതത്തിൽ

മൊഗ്രാൽപൂത്തൂർ: കോവിഡ് കാലത്ത് കർഷകരുടെ ജീവിതത്തെ ദുരിതത്തിലാക്കി പച്ചക്കറിക്കൃഷിക്ക് വൈറസ് ബാധ. ജില്ലയിൽ കാലങ്ങളായി കൃഷിചെയ്തിരുന്ന നാടൻവെണ്ട ഇനത്തിനാണ് മൊസൈക്ക് വൈറസ് രോഗബാധ പിടികൂടിയിരിക്കുന്നത്.

ഇലകൾക്ക് വെളുത്ത പുള്ളിക്കുത്തുകൾ വീഴുന്നതോടെ മഞ്ഞളിക്കുകയും ചെടികൾ മുരടിക്കുകയും ചെയ്യുന്നതാണ് മൊസൈക്ക് രോഗബാധ. ഒരു ചെടിക്ക്‌ ബാധിക്കുന്നതോടെ മറ്റു ചെടികളിലേക്ക്‌ പടരുകയും സമ്പൂർണമായി വിളനാശമുണ്ടാകുകയും ചെയ്യും.

രോഗബാധയുടെ കാരണമറിയാൽ കൃഷിഭവനുമായി ബന്ധപ്പെട്ടപ്പോൾ ഒരുതരം വൈറസാണ് മൊസൈക്ക് രോഗത്തിന്‌ കാരണമെന്നാണ്‌ പറയുന്നത്‌. കീടങ്ങളാണ് വൈറസ് പടർത്തുന്നത്. ഇതിനെ ഫലപ്രദമായി നിയന്ത്രിക്കാൻ മാർഗങ്ങൾ ഇല്ലെന്നും കീടനിയന്ത്രണത്തിലൂടെ മാത്രമേ ഇതിനെ ചെറുക്കാനാവൂ എന്നും അധികൃതർ അറിയിച്ചതായി കർഷകർ പറഞ്ഞു.

മൊഗ്രാൽ പുത്തൂർ വില്ലേജിൽ ഏകദേശം 20 ഹെക്ടറിൽ നാടൻവെണ്ട കൃഷിചെയ്യുന്നുണ്ട്. 100 മുതൽ 130 രൂപവരെ വിലകിട്ടിയിരുന്ന വിളയാണിത്. രോഗബാധമൂലം പരമ്പരാഗത നാടൻ ഇനമായ നീളമുള്ള വെണ്ടയുടെ വിത്തിന് നാശംതന്നെ സംഭവിക്കുമോ എന്ന ഭീതിയിലാണ് കർഷകർ. വലിയ പ്രതീക്ഷയോടെ കൃഷിയിറക്കിയ കർഷകർ ഇന്ന് കടക്കെണിയിലാണ്. അടുക്കളത്തോട്ടം ഒരുക്കിയ സീഡ് വിദ്യാർഥികൾക്കും രോഗബാധ തിരിച്ചടിയായി.


അമേയ എസ്. രാഘവ്

 ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ



October 22
12:53 2021

Write a Comment