SEED News

സുരക്ഷിതരായി സ്‌കൂളിൽപ്പോകാം


കോവിഡ് എന്ന മഹാമാരി കാരണം 2020-'21 അക്കാദമിക വർഷത്തിൽ ഇതുവരെയും സ്‌കൂൾ തുറന്നിട്ടില്ലല്ലോ.ഒന്നര വർഷത്തെ ഇടവേളക്കുശേഷം നവംബർ ഒന്നിന് നമ്മുടെ വിദ്യാലയങ്ങളെല്ലാം തുറക്കുകയാണ്

സ്‌കൂൾ തുറക്കുമ്പോൾ സന്തോഷവും ഒപ്പം ആശങ്കകളും എല്ലാ അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുണ്ടാകും. സ്‌കൂൾ തുറക്കുന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാരും വിദ്യാഭ്യാസ വകുപ്പും പഴുതുകളടച്ചുള്ള സുരക്ഷാക്രമീകരണങ്ങളാണ് നടത്തുന്നത്. നമ്മുടെ കുഞ്ഞുങ്ങളുടെ സുരക്ഷയാണ് പ്രധാനം. അതിനായി അധ്യാപകർക്കൊപ്പം രക്ഷിതാക്കളും അല്പം കൂടി ശ്രദ്ധ നൽകണം. ഒന്നര വർഷം മൊബൈൽഫോണിലൂടെ പഠനവും സൗഹൃദവും നിലനിർത്തിയ നമ്മുടെ കുഞ്ഞുങ്ങൾ മാനസികമായി സ്‌കൂൾ അന്തരീക്ഷത്തോട് പൊരുത്തപ്പെടാൻ അല്പസമയമെടുക്കും.

ഈ പഠനവിടവ്‌ (Learning gap) പരിഹരിക്കാനും ക്ളാസ്‌ മുറിയുടെ നേരനുഭവം നൽകാനും സ്കൂൾ തുറക്കുന്നതോടെ സാധിക്കും.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...

ഒന്നോ രണ്ടോ മാസ്‌കുകൾ ബാഗിൽ സൂക്ഷിക്കുന്നത് നന്നായിരിക്കും

സ്‌കൂളിനകത്ത് പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങളെക്കുറിച്ച് കുഞ്ഞുങ്ങൾക്ക് കൃത്യമായി പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം

പഠനോപകരണങ്ങൾ, കുടിവെള്ളം, ഭക്ഷണം തുടങ്ങിയവ പങ്കുവെക്കരുതെന്ന് പ്രത്യേകം ഓർമിപ്പിക്കണം

സ്കൂളിൽ എത്തിയതിനുശേഷം കടകളിൽ പോകുന്നത് ഒഴിവാക്കുക

അധ്യാപകരുടെയും ആരോഗ്യപ്രവർത്തകരുടേയും നിർദേശങ്ങൾ പാലിക്കണമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക

ജലദോഷം, പനി, ചുമ മറ്റ് അസ്വസ്ഥതകൾ ഉള്ള കുഞ്ഞുങ്ങളെ സ്‌കൂളിലയക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ആ വിവരം അധ്യാപകരെ വിളിച്ചറിയിക്കുകയും വേണം

സ്‌കൂളിലെത്തിയശേഷം എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടെങ്കിൽ ഉടനെ അധ്യാപകരെ വിവരമറിയിക്കാൻ പറയണം

പൊതുഗതാഗതം സ്‌കൂളിൽ വരാൻ ഉപയോഗിക്കുന്നവർ കൃത്യമായും ഡബിൾ മാസ്‌ക് ധരിച്ചിരിക്കണം

വ്യക്തിശുചിത്വം, പരിസരശുചിത്വം, പോഷകങ്ങളടങ്ങിയ ഭക്ഷണം എന്നിവ ശീലമാക്കുക

കുഞ്ഞുങ്ങൾക്കുണ്ടാവുന്ന ആകുലതകളും മാനസിക പ്രശ്‌നങ്ങളും അധ്യാപകരുമായി പങ്കുവെക്കാൻ മടിക്കേണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക. ആശങ്കകളില്ലാതെ നമ്മുടെ കുഞ്ഞുങ്ങൾ സ്‌കൂളിലെത്തട്ടെ

തയ്യാറാക്കിയത്‌: ബീന എം. (പ്രധാനാധ്യാപിക, കല്ലാർ ഗവണ്മെന്റ്‌ ഹൈസ്കൂൾ, ഇടുക്കി)

October 29
12:53 2021

Write a Comment

Related News