SEED News

സ്‌കൂൾ തുറക്കൽ ഭയംവേണ്ടാ, ജാഗ്രത മതി

ആലപ്പുഴ: രണ്ടുവർഷത്തിനുശേഷം സ്കൂളുകൾ തുറക്കുമ്പോൾ കുട്ടികളും മാതാപിതാക്കളും അധ്യാപകരും എന്തെല്ലാമാണു ശ്രദ്ധിക്കേണ്ടത്? മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ നടത്തിയ വെബിനാർ എല്ലാവരുടെയും സംശയങ്ങൾ ദൂരീകരിക്കുന്നതായി. ശ്രദ്ധിക്കേണ്ടകാര്യങ്ങൾ സംബന്ധിച്ചു ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവി ഡോ. ബി. പദ്മകുമാർ വെബിനാറിൽ വിശദീകരിച്ചു. 
ജില്ലയിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ സംശയങ്ങൾ ചോദിച്ചു. അവരുടെ സംശയങ്ങൾക്ക് ഡോക്ടർ നൽകിയ മറുപടിയിലേക്ക്...

സ്‌കൂൾ ബാഗിൽ 
സാനിറ്റൈസറും 
മാസ്‌കും കരുതണം
സ്കൂൾ ബാഗിൽ ഇനിമുതൽ ഭക്ഷണത്തിനും വെള്ളക്കുപ്പിക്കും പുറമേ സാനിറ്റൈസർ, മാസ്ക് എന്നിവയും കരുതണം. ഇവ കൈമാറാൻ പാടില്ലെന്നു കുട്ടികളെ ബോധിപ്പിക്കണം. തിരക്കുള്ള വാഹനങ്ങളിൽ യാത്രചെയ്യാതെ തുറന്ന വാഹനത്തിനു മുൻഗണന നൽകണം. സ്കൂൾ ബസ്, സ്വകാര്യ ബസ്, ഓട്ടോറിക്ഷ തുടങ്ങിയവയെ ആശ്രയിക്കുന്നവർ വാഹനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കണം. മാസ്ക് ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചു കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം. തിരികെയെത്തുമ്പോൾ കുളിച്ചുവൃത്തിയായശേഷമേ വീട്ടിലുള്ളവരുമായി ഇടപഴകാവൂ.

രോഗം 
മറയ്ക്കാതിരിക്കാം
പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ള കുട്ടികൾ സ്കൂളിലേക്കു പോകരുത്. കോവിഡ് പോസിറ്റീവായശേഷം മടങ്ങിയെത്തുന്ന കുട്ടികളെ കളിയാക്കരുത്. ഇത് അവരെ മാനസികമായി തളർത്താൻ ഇടയുണ്ട്. 

കരുതൽ വേണം 
 സ്‌കൂളുകളിൽ 
:ക്ളാസ് മുറികളുടെ വാതിലുകളും ജനാലകളും തുറന്നിടണം. അടഞ്ഞുകിടന്ന ക്ലാസ് മുറികൾ വൃത്തിയാക്കണം. പ്രഥമശുശ്രൂഷാ സൗകര്യം, സാനിറ്റൈസർ റാക്ക്, സിക്ക് റൂം എന്നിവ സ്കൂളുകളിൽ ഒരുക്കണം. സന്ദർശകരെ അനുവദിക്കരുത്. തെർമൽ സ്കാനർ സംവിധാനം ഉറപ്പാക്കണം. ഓരോ സ്കൂളിലും ഏതെങ്കിലുമൊരു ഡോക്ടറുടെ സേവനം ഉറപ്പാക്കണം. 

October 30
12:53 2021

Write a Comment

Related News