മാലിന്യം നിറഞ്ഞ് ക്ലബ്ബ് കുന്ന്
മാനന്തവാടി: ക്ലബ്‌ക്കുന്ന് - ജയിൽ റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. റോഡരികിൽ കാടുകൾ നിറഞ്ഞ ഭാഗത്താണ് മാലിന്യം പതിവായി കൊണ്ടു തള്ളുന്നത്. ചാക്കുകളിലും, പ്ലാസ്റ്റിക് കവറുകളിലും നിറച്ചാണ് മാലിന്യങ്ങൾ കൊണ്ടിടുന്നത്. ചെറുതും, വലുതുമായ നൂറുകണക്കിന് ചാക്ക് കെട്ടുകളാണ് ഇങ്ങനെ റോഡിനോട് ചേർന്നുള്ള പറമ്പിൽ കുമിഞ്ഞു കൂടിക്കിടക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങളും, പച്ചക്കറികളും ഉൾപ്പെടെയുള്ളവയും ഈ കൂട്ടത്തിലുണ്ട്. കെട്ടിക്കിടക്കുന്ന മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം കാരണം ഇതു വഴി മൂക്കുപൊത്താതെ നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്.
പച്ചക്കറി കടകളിൽ നിന്നും , വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾക്കും, അവശിഷ്ടങ്ങൾക്കും പുറമേ സമീപത്തുള്ള വീടുകളിൽ നിന്നുള്ള മാലിന്യങ്ങളും ഇവിടെ എത്തുന്നു. കണിയാരം ഹയർസെക്കൻഡറി സ്കൂളിൽ അടക്കം നൂറുകണക്കിന് വിദ്യാർത്ഥികൾ നിത്യവും നടന്നു പോകുന്ന വഴിയാണ് ഇത്. മാലിന്യം കെട്ടികിടക്കുന്നത് പകർച്ചവ്യാധികൾക്കും കാരണമാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ഭക്ഷണാവശിഷ്ടങ്ങൾ അടക്കം തള്ളുന്നതിനാൽ ഇവിടേക്ക് തെരുവുനായകളും എത്തുന്നുണ്ട്. റോഡരികിൽ മാലിന്യം തള്ളുന്നത് തടയാൻ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.