മണിച്ചിറയെ കുട്ടികളുടെ ഉദ്യാനമാക്കി മാറ്റണം.
പൂമലയിലെ മണിച്ചിറ എന്ന സ്ഥലത്തിന്റെ പേരിന് തന്നെ ആധാരമായ ചരിത്രമുറങ്ങുന്ന 'ചിറ' ജൈവ വൈവിധ്യ ഉദ്യാനമാക്കിമാറ്റി ജില്ലയിലെ കുട്ടികൾക്കുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റണം. മനോഹരമായ പൂന്തോട്ടവും തണൽമരങ്ങളും വച്ചു പിടിച്ച് പ്ലാസ്റ്റിക് രഹിത ഉദ്യാനമാക്കി മാറ്റുകയും
വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി
ബോട്ടിംഗ് അടക്കമുള്ള സൗകര്യങ്ങൾ തുടങ്ങുകയും വേണം. ഒരു വർഷം മുൻപ് പരിസ്ഥിതി ദിനത്തിൽ പൂമല ഗവൺമെന്റ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മണിച്ചിറയുടെ ചുറ്റുപാടും വൃത്തിയാക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് സുൽത്താൻ ബത്തേരി നഗരസഭ ചെയർപേഴ്സന് മണിച്ചിറ വൃത്തിയാക്കണമെന്നും ചിറയുടെ സമീപം മാലിന്യങ്ങൾ വലിച്ചെറിയരുത് എന്നുമുള്ള ബോർഡ് വെക്കണം എന്നും കുട്ടികൾ നിവേദനം സമർപ്പിക്കുകയും ചെയ്തു.അതിനുശേഷം നഗരസഭ ബോർഡുകൾ സ്ഥാപിക്കുകയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചിറയുടെ ചുറ്റുപാടും വൃത്തിയാക്കുകയും ചെയ്തു . ചിറ വൃത്തിയാക്കുന്നതിന് നേതൃത്വം വഹിച്ച പൂമല ഗവൺമെന്റ് എൽ പി സ്കൂളിലെ കുട്ടികളെ അഭിനന്ദിച്ചുകൊണ്ട് ഡിടിപിസി കത്തയച്ചിരുന്നു. ചിറ മനോഹരമാക്കാൻ വേണ്ട തുടർ നടപടികൾ സ്വീകരിക്കുമെന്നും ഡി ടി പി സി അറിയിച്ചിരുന്നു. പ്രകൃതിരമണീയമായ മണിച്ചിറ പ്രകൃതിസൗഹൃദ ഉദ്യാനമാക്കി മാറ്റാൻ സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയും ഡിടിപിസിയും മുൻകൈ എടുക്കുകയും അടുത്ത ശിശുദിനത്തിൽ കുട്ടികൾക്ക് സമർപ്പിക്കുകയും വേണം.
നേഹ രാജു, സീഡ് റിപ്പോർട്ടർ
ക്ലാസ്സ് :4
ജി എൽ പി എസ് പൂമല
ReplyForward |