SEED News

‘അക്ഷരാർത്ഥ’ത്തിൽ പ്രകൃതിയോട് ചേർന്ന് സീഡ് പ്രവർത്തനങ്ങൾ തുടങ്ങി

തൃശ്ശൂർ: ഓരോ അക്ഷരത്തിലും ഉണ്ടായിരുന്നു പ്രകൃതിയുടെ ഒരംശം. മലയാള അക്ഷരമാലയെ പ്രകൃതിയുമായി കൂട്ടിയിണക്കി 386 കുട്ടികൾ വരച്ച ചിത്രങ്ങളുടെ തിളക്കത്തിലായിരുന്നു മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്‌കൂളുകളിൽ നടപ്പാക്കുന്ന സീഡിന്റെ ഇക്കൊല്ലത്തെ പ്രവർത്തനങ്ങളുടെ തുടക്കം. ‘അക്ഷരാർത്ഥത്തിൽ പ്രകൃതി’ എന്ന വിഷയത്തിൽ നടത്തിയ ചിത്രരചനയിൽ പങ്കെടുത്ത കുട്ടികളുടെ സൃഷ്ടികളാണ് ദേവമാത സ്‌കൂളിൽ ഉദ്ഘാ‌ടനച്ചടങ്ങിനൊപ്പമൊരുക്കിയ പ്രദർശനത്തിലുണ്ടായിരുന്നത്.

ചിത്രപ്രദർശനം കണ്ടശേഷമാണ് ഉദ്ഘാടകയായ ജില്ലാ കളക്ടർ ഹരിത വി. കുമാർ വേദിയിലേക്കെത്തിയത്. സീഡ് പ്രവർത്തനം 14-ാം വർഷത്തിലേക്കാണ് ഇക്കുറി കടന്നത്. ജില്ലാതല ഉദ്ഘാടനത്തിന്റെ വിവരങ്ങളടങ്ങിയ കാൻവാസിലെ അക്ഷരങ്ങളും പ്രകൃതിയുടെ അംശങ്ങളും ചേർത്ത് വരച്ചെടുത്തത് ആറ്‌ കുട്ടികൾ. ഇതിൽ 14 എന്ന അക്കത്തിന് കളക്ടർ നിറം ചേർത്തതോടെ ജില്ലയിലെ സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനമായി.

നീൽ ക്രൈസ്റ്റ് പുളിക്കൻ (നിർമലമാതാ സെൻട്രൽ സ്‌കൂൾ, തൃശ്ശൂർ), ടി. മാധവ് കൃഷ്ണൻ (സെയ്ന്റ് ജോസഫ്സ് എച്ച്.എസ്.എസ്., പാവറട്ടി), എം.എസ്. ശിവപ്രിയ (സി.എം.എസ്. എച്ച്.എസ്.എസ്., തൃശ്ശൂർ), സൂര്യ കെ. സുരേഷ് (സേക്രഡ് ഹാർട്ട് സി.ജി.എച്ച്.എസ്.എസ്., തൃശ്ശൂർ), ടി.എസ്. കൃഷ്ണ (ചിന്മയ വിദ്യാലയ, കോലഴി) പി.എൻ. ഫാത്തിമ അമീന (ജി.വി.എച്ച്.എസ്.എസ്., വലപ്പാട്) എന്നീ കുട്ടികളാണ് അക്ഷരങ്ങളിലൂടെ പ്രകൃതിയെ വരച്ചെടുത്തത്. കുട്ടികൾക്ക് ജില്ലാ കളക്ടർ ഉപഹാരങ്ങൾ നൽകി.

വികസനവും പ്രകൃതിസംരക്ഷണവും ഒന്നിച്ചുകൊണ്ടുപോകുന്ന ശൈലിയാണ് ഭാവിക്കു വേണ്ടതെന്ന് കളക്ടർ പറഞ്ഞു. പ്രകൃതിവിഭവങ്ങൾ അടുത്ത തലമുറയ്ക്കുകൂടിയുള്ളതാണെന്ന ചിന്ത ഓരോ കുട്ടിക്കും ഉണ്ടാകണം. അത്തരം പ്രവർത്തനങ്ങൾക്ക് മാതൃഭൂമി സീഡിന്റെ പ്രവർത്തനങ്ങൾ ഊർജമാണ്. ആകാശത്തെ അതിരായിക്കണ്ടുള്ള പ്രകൃതിസംരക്ഷണപ്രവർത്തനങ്ങളാണ് കുട്ടികളിൽനിന്നുണ്ടാകേണ്ടത്-കളക്ടർ പറഞ്ഞു.

ഫെഡറൽ ബാങ്ക് തൃശ്ശൂർ റീജണൽ ഓഫീസിലെ സീനിയർ മാനേജർ ടി.എസ്. ബാലസുബ്രഹ്മണ്യൻ അധ്യക്ഷനായി. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നീനാമേനോൻ, തൃശ്ശൂർ ഡി.ഇ.ഒ. പി.വി. മനോജ്കുമാർ, സോഷ്യൽ ഫോറസ്ട്രി വിഭാഗം തൃശ്ശൂർ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ബി. സജീഷ്‌കുമാർ, തൃശ്ശൂർ ദേവമാത പബ്ലിക് സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. സിന്റോ നങ്ങിണി, മാതൃഭൂമി തൃശ്ശൂർ യൂണിറ്റ് മാനേജർ വിനോദ് പി. നാരായൺ, മാതൃഭൂമി സോഷ്യൽ ഇനീഷ്യേറ്റീവ് എക്സിക്യുട്ടീവ് എം. വിനയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

June 25
12:53 2022

Write a Comment

Related News