മാതൃഭൂമി സീഡ് പതിനാലാം വർഷത്തിലേക്ക്
പി.പി. ചിത്തരഞ്ജൻ ഉദ്ഘാടനംചെയ്തു
ആലപ്പുഴ: കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൈയടിയോടെ മാതൃഭൂമി സീഡിന്റെ പ്രവർത്തനങ്ങൾ 14-ാം വർഷത്തിലേക്കു കടന്നു.
എസ്.ഡി.വി. സെന്റിനറി ഹാളിലെ നിറഞ്ഞസദസ്സിനെ സാക്ഷിയാക്കി പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ജില്ലയിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
കുട്ടികളുടെ ചിത്രപ്രദർശനത്തോടെയാണ് പരിപാടികളാരംഭിച്ചത്. പ്രദർശനോദ്ഘാടനവും എം.എൽ.എ. നിർവഹിച്ചു.
സമൂഹപുരോഗതിക്കായി പരിശ്രമിക്കുന്ന മാതൃഭൂമിയുടെ ശക്തിയാണ് സീഡിലും പ്രതിഫലിക്കുന്നതെന്ന് ചിത്തരഞ്ജൻ പറഞ്ഞു. പ്രകൃതിയെ തിരിച്ചറിയുന്ന തലമുറകളുടെ പ്രവർത്തനമാണ് സീഡെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജർ മനീഷ് കുമാർ അധ്യക്ഷനായി. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും ആലപ്പുഴ മേഖലാ തലവനുമായ കെ.പി. സാജൻ ആശംസാപ്രസംഗം നടത്തി.
ഡി.ഡി.ഇ. ഇൻ-ചാർജ് പി.ബി. കൃഷ്ണകുമാർ, സോഷ്യൽ ഫോറസ്ട്രി ജില്ലാ ഫോറസ്റ്റർ എം.എം. മധുസൂദനൻ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിജി ജോയ്, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജൂലി ലൂക്ക്, എസ്.ഡി.വി. സ്കൂളുകളുടെ മാനേജർ എസ്. രാമാനന്ദ് എന്നിവരും ആശംസകളർപ്പിച്ചു.
ന്യൂസ് എഡിറ്റർ വി.വി. തമ്പാൻ സ്വാഗതവും എസ്.ഡി.വി. ഗേൾസ് ഹൈസ്കൂൾഹെഡ്മിസ്ട്രസ് ആർ. ജയശ്രീ നന്ദിയും പറഞ്ഞു.
ജില്ലയിലെ സ്കൂളുകളിൽനിന്നുള്ള 650 ഓളം വിദ്യാർഥികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം ഒരുക്കിയിരുന്നു.
June 27
12:53
2022