SEED News

നമ്പ്യാണി - കുറുമ്പിക്കായൽ ശുചീകരണ പദ്ധതിയുമായി ഇ.സി.ഇ.കെ.സ്കൂളിലെ സീഡ് ക്ലബ്ബംഗങ്ങൾ

തുറവൂർ: കോടംതുരുത്ത് പഞ്ചായത്തിലെ നമ്പ്യാണി-കുറുമ്പിക്കായൽ മാലിന്യവാഹിയാണ്.  നാടിന്റെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മുഖ്യപങ്കുവഹിച്ചിരുന്ന കായലിന്റെ ഇന്നത്തെസ്ഥിതി ദുഃഖമായി മാറിയപ്പോൾ ശുചീകരണം ഏറ്റെടുത്ത് ചമ്മനാട് ഇ.സി.ഇ.കെ.യൂണിയൻ ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ രംഗത്തെത്തി. 
 കായലിനെ  മാലിന്യമുക്തമാക്കി നീരൊഴുക്ക് സുഗമമാക്കുന്ന പദ്ധതിക്ക് പിൻതുണയുമായി കോടംതുരുത്ത് ഗ്രാമപ്പഞ്ചായത്തും വനംവകുപ്പും പ്രഹ്ളാദ സോഷ്യൽ സർവീസ് ട്രസ്റ്റും രംഗത്തെത്തിയതോടെ നാടാകെ ആവേശത്തിലാണ്. നാട്ടുകാരുടെയും പഞ്ചായത്ത് പ്രതിനിധികളുടെയും പ്രഹ്ലാദയുടെയും സഹകരണത്തോടെ സീഡ് ക്ലബ്ബ് അംഗങ്ങൾ പ്രോജക്ട് തയാറാക്കും. സീഡ് കോ ഓർഡിനേറ്റർ സി.കെ. ബീനയാണു ചുക്കാൻ പിടിക്കുന്നത്.
 പ്രോജക്ട് തയാറാക്കി സമർപ്പിക്കുന്നതോടെ ചെലവിലേക്കാവശ്യമായ ഫണ്ട് വനംവകുപ്പ് നൽകും. ശുചീകരണം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം ഇ.സി.ഇ.കെ. സ്കൂൾ മാനേജ്മെന്റ് പ്രതിനിധി അനിൽ ബി. കുമാർ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് എസ്. അശോക് കുമാർ അധ്യക്ഷത വഹിച്ചു. 
പ്രധാന അധ്യാപിക ജി. വിജയശ്രീ, വനംവകുപ്പ് ഉദ്യോഗസ്ഥൻ പി. ജോൺ, എസ്. രമാദേവി, അജിത്, പ്രീതി ഷാജി, ആർ. സൗമ്യ തുടങ്ങിയവർ സംസാരിച്ചു.

July 22
12:53 2022

Write a Comment