reporter News

അപകടക്കെണിയായി വീയപുരം സ്‌കൂൾ പരിസരം

വീയപുരം: മുന്നറിയിപ്പുബോർഡോ ഹമ്പോയില്ലാതെ അപകടക്കെണിയായി വീയപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾക്കവാടം. തിരക്കേറിയ ഹരിപ്പാട്-തിരുവല്ല സംസ്ഥാനപാതയോടുചേർന്നാണ് സ്‌കൂൾ സ്ഥിതിചെയ്യുന്നത്. വീയപുരം പാലമിറങ്ങി അമിതവേഗത്തിലെത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് സ്‌കൂളിനെ സൂചിപ്പിക്കുന്ന മുന്നറിയിപ്പു ബോർഡുകളില്ലാത്തതാണ് ബുദ്ധിമുട്ടാകുന്നത്. 
പലപ്പോഴും സ്‌കൂളിനു മുന്നിലെത്തുമ്പോഴാണ് റോഡു മുറിച്ചുകടക്കാൻനിൽക്കുന്ന കുട്ടികളെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്നത്. രാവിലെയും വൈകുന്നേരവും കുട്ടികൾ ഏറെ പ്രയാസപ്പെടുകയാണ്.
റോഡിനിരുവശങ്ങളിലും വീതി കുറവായതുകാരണം കാൽനടക്കാർക്കു റോഡിലേക്കിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. പ്രീ-പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾ പഠിക്കുന്ന സ്‌കൂളാണ്. അപകടം പതിവായപ്പോൾ സ്കൂളിലെ എസ്.പി.സി.യൂണിറ്റംഗങ്ങളിറങ്ങി വാഹനങ്ങൾ നിയന്ത്രിച്ചാണ് കുട്ടികളെ വിടുന്നത്. സ്കൂളിനുമുന്നിലെ ഗതാഗതം നിയന്ത്രിക്കാൻ അടിയന്തരമായി പോലീസിന്റെയോ ഹോംഗാർഡിന്റെയോ സേവനം ലഭ്യമാക്കണമെന്നും സ്‌കൂളിന്റെ ഇരുവശങ്ങളിലും മുന്നറിയിപ്പുബോർഡുകൾ സ്ഥാപിക്കണമെന്നുമാണ് കുട്ടികളുടെയാവശ്യം.
ഗോകുൽ ഗോപകുമാർ 

(സീഡ് റിപ്പോർട്ടർ, ഗവ. ഹയർ 
സെക്കൻഡറി സ്‌കൂൾ, വീയപുരം)

November 26
12:53 2022

Write a Comment