ഇലിപ്പക്കുളം സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ഔഷധ നെൽക്കൃഷി
വള്ളികുന്നം: ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ഔഷധ നെൽക്കൃഷി തുടങ്ങി. ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ജൈവവൈവിധ്യ പഠനകേന്ദ്രം ഒരുക്കുന്നതിനായി ഔഷധ നെല്ലിനങ്ങളായ രക്തശാലി, ഞവര എന്നിവയാണു കൃഷി ചെയ്യുന്നത്. സ്കൂളിനു സമീപം രണ്ടേക്കർസ്ഥലം പാട്ടത്തിനെടുത്ത് അതിൽ 10 സെന്റിലാണ് കൃഷിയിറക്കിയത്. ഇവിടെ കുട്ടികൾക്ക് പ്രകൃതി അടുത്തറിയാൻ ഒരു ഓപ്പൺ ക്ലാസ് മുറി ഒരുക്കും. ബാക്കി സ്ഥലം ഭാഗങ്ങളായി തിരിച്ച് ധാന്യങ്ങൾ, പയറുവർഗങ്ങൾ, കടുക്, വെളുത്തുള്ളി, പച്ചക്കറി തുടങ്ങിയ കൃഷി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കൃഷിയിലൂടെ ലഭിക്കുന്ന തുക ക്ലബ്ബ് പ്രവർത്തനങ്ങൾക്കും മറ്റ് ജീവകാരണ്യപ്രവർത്തനങ്ങൾക്കും വിനിയോഗിക്കാനാണ് ലക്ഷ്യം.
നെൽക്കൃഷിയുടെ വിത്തുവിത ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻ സി. ബാബു നിർവഹിച്ചു. പഞ്ചായത്തംഗം ജി. രാജീവ്കുമാർ, പ്രഥമാധ്യാപിക എ. ഷീന, എസ്.എം.സി. ചെയർമാൻ എസ്. വേണു, സീഡ് കോ-ഓർഡിനേറ്റർ ആർ. രാജേഷ്, ഷാജി, സുധ, എസ്. ഷീബ, എച്ച്. രഞ്ജിത, കെ.എസ്. ശുഭ, വി.ആർ. രാജശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.
January 27
12:53
2023