മന്ത്രി കൊയ്യാനിറങ്ങി; പിന്നാലെ കുട്ടികളും
മണ്ണഞ്ചേരി: കൈലിമുണ്ട് മടക്കിക്കുത്തി കൈയിൽ കൊയ്ത്തരിവാളുമേന്തി മന്ത്രി പി. പ്രസാദ് പാടത്തിറങ്ങി. മന്ത്രിക്കൊപ്പം നെല്ലുകൊയ്യാൻ വിദ്യാർഥികളും ചേർന്നതോടെ പെരുന്തുരുത്ത് കരിയിൽ കണ്ടത് കൊയ്ത്തുത്സവം.
മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ വയൽപ്പച്ച പദ്ധതിയുടെ ഭാഗമായാണ് കാവുങ്കൽ വടക്കേക്കരി പാടശേഖരത്തിൽ മന്ത്രിക്കൊപ്പം മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളായ കുട്ടികളും കൊയ്യാനിറങ്ങിയത്.
നെൽക്കൃഷിയുടെ ഓരോ ഘട്ടങ്ങളും കണ്ടുപഠിച്ച കുട്ടികൾ അവസാനഘട്ടമായ കൊയ്ത്ത് താളമേളങ്ങളുടെ അകമ്പടിയോടെ നടത്തി.
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു, ജനപ്രതിനിധികളായ സിന്ധു രാജീവ്, ലത, വിശ്വനാഥൻ, പ്രഥമാധ്യാപിക സുജാതകുമാരി, പാടശേഖരസമിതി ഭാരവാഹികളായ വി. വിനീത, സി.എ. ജയശ്രീ, സീഡ് കോ-ഓർഡിനേറ്റർമാരായ ദീപാ ദിലീപ്, പി.എസ്. സംഗീത, കൃഷി ഓഫിസർ പി.എം. കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
February 06
12:53
2023