reporter News

അപകടഭീഷണിയായി വെള്ളംകുളങ്ങര യു.പി. സ്‌കൂളിനുമുന്നിലെ വളവ്


വെള്ളംകുളങ്ങര: വെള്ളംകുളങ്ങര ഗവ.യു.പി.സ്‌കൂളിനുമുന്നിലെ വളവ് അപകടഭീഷണിയാകുന്നു. ഹരിപ്പാട്ടുനിന്നു വീയപുരം, എടത്വാ, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലേക്കും ആനാരി, ആയാപറമ്പ് വഴി ദേശീയപാതയിൽ കരുവാറ്റയിലേക്കും പോകുന്ന റോഡാണിത്. തീരദേശപാതയിൽ തൃപ്പക്കുടത്തും പ്രതിമുഖത്തും റെയിൽവേ ഗേറ്റ് തകരാറിലായാൽ പകരം ഉപയോഗിക്കുന്നതും ഈ റോഡാണ്. സ്‌കൂളിനു മുന്നിലൂടെയുള്ള റോഡായിട്ടും വേഗംകുറയ്ക്കുന്നതിനുള്ള സംവിധാനങ്ങളോ ദിശാബോർഡുകളോ സ്ഥാപിച്ചിട്ടില്ല.
വളവുകളിൽ എതിർവശത്തുനിന്നുവരുന്ന വാഹനങ്ങളെ കാണുന്നതിനുള്ള കണ്ണാടികളുമില്ല. രാവിലെയും വൈകീട്ടും കുട്ടികൾ ഭയത്തോടെയാണ് റോഡു മുറിച്ചുകടക്കുന്നത്. വളവായതിനാൽ ഇരുവശത്തുനിന്നുവരുന്ന വാഹനങ്ങൾ കാണാൻകഴിയാത്ത സാഹചര്യമാണ്. സ്‌കൂൾക്കുട്ടികൾക്കൊപ്പം സൈക്കിൾ യാത്രക്കാർക്കും കാൽനടക്കാർക്കും ഇത് അപകടഭീഷണിയാണ്. സ്‌കൂളിനുസമീപം മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ച് അപകടമൊഴിവാക്കണമെന്നാണ് നാട്ടുകാരുടെയും കുട്ടികളുടെയും ആവശ്യം.

സി. ആതിര, 
സീഡ് റിപ്പോർട്ടർ, 
വെള്ളംകുളങ്ങര ഗവ. യു.പി.സ്‌കൂൾ

February 17
12:53 2023

Write a Comment