SEED News

മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരം പൂമല ജി.എൽ.പി.സ്കൂളിന്

കല്പറ്റ: മാതൃഭൂമിയും ഫെഡറൽബാങ്കും വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ ഭാഗമായി 2022-23 അധ്യയനവർഷത്തിൽ മികച്ചപ്രവർത്തനം കാഴ്ചവെച്ച വിദ്യാലയങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിദ്യാർഥികളിൽ ചെറുപ്രായത്തിലേ പരിസ്ഥിതിസ്നേഹത്തിന്റെയും സാമൂഹികനന്മയുടെയും വിത്തുകൾ പാകാൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകിയ സുൽത്താൻബത്തേരി പൂമല ഗവ. എൽ.പി. സ്കൂളിനാണ് വയനാട് റവന്യൂജില്ലയിലെ മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയപുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ചിത്രശലഭങ്ങളുടെ വീട്ടിലെ കൂട്ടായ്മ

‘ചിത്രശലഭങ്ങളുടെ വീട്’ എന്നപേരിലാണ് പൂമല ഗവ. എൽ.പി. സ്കൂളിലെ സീഡ് ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തിയത്. കൂട്ടായ്മയുടെ പിൻബലത്തിൽ സ്കൂളിന്റെ പരിമിതികൾ മറികടന്നുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സ്കൂളിനെ പുരസ്കാരത്തിനർഹമാക്കിയത്. വിവിധ ജലസ്രോതസ്സുകളെക്കുറിച്ചുള്ള പഠനത്തിന്റെഭാഗമായി ജില്ലയിലെ കേണികളെക്കുറിച്ച് നടത്തിയ പഠനമാണ് ഏറ്റവും ശ്രദ്ധേയമായത്. കേണികൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ക്ലബ്ബ് അംഗങ്ങൾ ജില്ലാപഞ്ചായത്ത് പ്രസിഡന്റിന് നിവേദനവും നൽകി.

ഊർജസംരക്ഷണത്തിന്റെ ഭാഗമായി വിദ്യാലയം ‘ലാഭപ്രഭ’ പുരസ്കാരം ഏർപ്പെടുത്തി. അതിനായി വിദ്യാലയത്തിലെ മുഴുവൻകുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി സെമിനാർ നടത്തുകയും തുടർന്ന് വൈദ്യുതി ഉപയോഗം കുറയ്ക്കുകയും ചെയ്തു. പദ്ധതിയിലൂടെ 1470 യൂണിറ്റ് വൈദ്യുതി ലാഭിക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.

ഓരോവീട്ടിലും അടുക്കളത്തോട്ടമൊരുക്കുക എന്ന ലക്ഷ്യത്തോടെ ‘കുട്ടിക്കർഷക അവാർഡ്’, ‘തൊടിയിൽ ഒരു പപ്പായ മുറ്റത്തൊരു കറിവേപ്പില’, അഗ്നിസുരക്ഷാ ക്ലാസുകൾ, ‘സീഡ് പോലീസും ശുചിത്വസേനയും’ തുടങ്ങിയ പദ്ധതികളും ശ്രദ്ധിക്കപ്പെട്ടു.

മണിച്ചിറ ഗ്രാമത്തിനായി ‘വായനാഗ്രാമം പദ്ധതി’ തുടങ്ങി. മണിച്ചിറടൗണിൽ കുട്ടികൾ ഒരു പെട്ടിനിറയെ പുസ്തകങ്ങൾ വെക്കുകയും എല്ലാമാസവും ഒരു കുട്ടിയും ഒരു രക്ഷിതാവും പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് അവതരിപ്പിക്കുകയും തുടർന്ന് അവിടെ വിവിധകൃതികളുടെ ദൃശ്യാവിഷ്കാരങ്ങൾ നടത്തുകയും ചെയ്യുന്നതാണ് പദ്ധതി.

പ്രായമായവരോട് സ്നേഹവും കരുതലും വർധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ‘മുത്തശ്ശിക്കൊരു ചക്കരയുമ്മ’ എന്നപേരിൽ മാസത്തിൽ രണ്ടുതവണവീതം വിദ്യാലയത്തിൽ മുത്തശ്ശിമാരെ കൊണ്ടുവരുകയും അവരുടെ അനുഭവങ്ങളും കഥകളും കുട്ടികൾക്ക് കേൾക്കാൻ അവസരമൊരുക്കുകയും ചെയ്തു.

‘ഒപ്പം’ എന്നപേരിൽ എല്ലാവർഷവും വയോജനസംഗമവും സംഘടിപ്പിക്കുന്നുണ്ട്.

ഭിന്നശേഷിക്കുഞ്ഞുങ്ങളെ സഹായിക്കുന്നതിനായി വിദ്യാലയത്തിൽ ‘സ്നേഹക്കുടുക്ക’, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് രക്ഷിതാക്കൾക്ക് ചണസഞ്ചിനിർമാണത്തിൽ പരിശീലനം നൽകൽ, തെരുവുനായശല്യം പരിഹരിക്കുന്നതിനായി നഗരത്തിൽ ഡോഗ് പാർക്ക് മാതൃകാ പ്രോജക്ട് തയ്യാറാക്കി നഗരസഭയ്ക്ക് നൽകൽ, ഫലവൃക്ഷത്തൈകൾ സംരക്ഷിക്കാൻ ‘കുടുംബമരം’ പദ്ധതി തുടങ്ങിയവയും നടപ്പാക്കി.

ഒന്നാംസ്ഥാനം വാളവയൽ ജി.എച്ച്.എസ്.എസ്.-15,000 രൂപയും പ്രശസ്തിപത്രവും.

മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘നാട്ടുനന്മയ്ക്കായി ഞങ്ങളും കൈകോർത്ത്’ എന്ന പരിപാടിയിലൂടെ വിവിധ പ്രവർത്തനങ്ങളാണ് വാളവയൽ ജി.എച്ച്.എസ്.എസ്. നടപ്പാക്കിയത്. കൃഷി പ്രോത്സാഹനത്തിനായി ‘എന്റെ വീട്ടിലും കൃഷിയുണ്ടേ’, ‘പതിരില്ലാ പഴമൊഴി’ എന്നപേരിൽ വയോജനങ്ങളെ സ്കൂളിലെത്തിച്ച് അവരുമായി സംവദിക്കൽ, ‘നരസിപ്പുഴ ഒഴുകും വഴിയെ’ എന്നപേരിൽ പുഴനടത്തം, പുഴയുടെ പരിപാലനം, ബാംബൂ വേസ്റ്റ്ബിൻ സ്ഥാപിക്കൽ, സ്കൂളിൽ ശലഭോദ്യാനപാർക്ക്, ഊർജസംരക്ഷണത്തിനായി സർവേ, മുളന്തൈകൾ നട്ടുപരിപാലിക്കൽ, ‘എന്റെ തെങ്ങ് എന്റെ ഉത്തരവാദിത്വം’, ‘പഴംതുണികൾ പലതുണ്ടുകാര്യം’, പ്ലാസ്റ്റിക്മുക്ത സ്കൂൾ, ‘പക്ഷികൾക്ക് ദാഹനീര്’ തുടങ്ങിയ പദ്ധതികൾ ശ്രദ്ധനേടി. മയക്കുമരുന്നിനെതിരേ ലഹരിവിരുദ്ധ ഫ്ലാഷ് മോബ്, സൈക്കിൾറാലി, ലഹരിവിരുദ്ധ ദീപംതെളിയിക്കൽ, ‘ജലം ജീവാമൃതം’ തുടങ്ങിയവയും നടത്തി.

രണ്ടാംസ്ഥാനം കമ്പളക്കാട് ജി.യു.പി.എസ്.-10,000 രൂപയും പ്രശസ്തിപത്രവും

 മൂന്നാംസ്ഥാനം തൃശ്ശിലേരി ജി.എച്ച്.എസ്.-5000 രൂപയും പ്രശസ്തിപത്രവും.

ഹരിതമുകുളം


1. മൂളിത്തോട് നാഷണൽ എൽ.പി. സ്കൂൾ- 5000 രൂപയും പ്രശസ്തിപത്രവും. 2. ആടികൊല്ലി ദേവമാതാ എൽ.പി. സ്കൂൾ- 5000 രൂപയും പ്രശസ്തിപത്രവും

ഹരിതമുകുളം പ്രോത്സാഹനം

1. പടിഞ്ഞാറത്തറ സെയ്ന്റ്‌ തോമസ് ഇ.എൽ.പി. സ്കൂൾ. 2. പീച്ചങ്കോട് ജി.എൽ.പി. 3. കല്ലിക്കെണി ജി.എൽ.പി.എസ്. 4. മാണ്ടാട് ജി.എൽ.പി.എസ്.5. ഭൂതാനം ജി.എൽ.പി.എസ്. 6. ഒണ്ടയങ്ങാടി സെയ്ന്റ് മാർട്ടിൻ എൽ.പി. സ്കൂൾ 7. വെണ്ണിയോട് എസ്.എ.എൽ.പി. സ്കൂൾ 8. കുറിച്യാർമല ജി.എൽ.പി. സ്കൂൾ

ഹരിതജ്യോതി പ്രശംസാപത്രം

1.കോട്ടത്തറ വാളൽ യു.പി. സ്കൂൾ. 2. മീനങ്ങാടി സെയ്ന്റ്‌ പീറ്റേഴ്സ് ആൻഡ് സെയ്ന്റ്‌ പോൾസ് ഇംഗ്ലീഷ് ഹൈസ്കൂൾ. 3. സുൽത്താൻബത്തേരി മെക്ലോഡ് ഇംഗ്ലീഷ് സ്കൂൾ .4. കോളിയാടി മാർ ബേസിൽ യു.പി. സ്കൂൾ. 5. മാനന്തവാടി ജി.യു.പി.എസ്. 6. തിരുനെല്ലി എസ്.എ.യു.പി. 7. തിരുനെല്ലി എസ്.ഡി.സി.എം.യു.പി. സ്കൂൾ. 8. സുഗന്ധഗിരി ജി.യു.പി. സ്കൂൾ. 9. കല്പറ്റ എസ്.കെ.എം.ജെ. യു.പി. സ്കൂൾ. 10. തവിഞ്ഞാൽ സെയ്ന്റ്‌ തോമസ് യു.പി. സ്കൂൾ.11. കല്ലോടി സെയ്ന്റ്‌ ജോസഫ് യു.പി. സ്കൂൾ

ജെം ഓഫ്‌ സീഡ് പി.ജി. ശ്രീഹരി-പൂമല എൽ.പി. സ്കൂൾ

എന്റെ കൃഷിത്തോട്ടം -മികച്ച കുട്ടിക്കർഷകർ

1. അമൽ ജോസഫ്-വൈത്തിരി എച്ച്.ഐ.എം.യു.പി.-5000 രൂപയും പ്രശസ്തിപത്രവും. 2. കെ.പി. വിഷ്ണു മഹേഷ്വർ-കലൂർ ജി.എച്ച്.എസ്.-3000 രൂപയും പ്രശസ്തിപത്രവും 3. പി.വി. ദേവന-വാളവയൽ ജി.എച്ച്.എസ്.- 1000 രൂപയും പ്രശസ്തിപത്രവും

ബെസ്റ്റ് സീഡ് കോ-ഓർഡിനേറ്റർ

പി. നിൻസി-പൂമല ജി.എൽ.പി.എസ്.-5000 രൂപയും പ്രശസ്തിപത്രവും

ബെസ്റ്റ് സീഡ് റിപ്പോർട്ടർ

കെ.ജെ. ആദിത്യ-വാളവയൽ ജി.എച്ച്.എസ്.

April 01
12:53 2023

Write a Comment