SEED News

വനമിത്ര പുരസ്കാരം മാതൃഭൂമി സീഡ് ഏറ്റുവാങ്ങി

ആലപ്പുഴ: വനം-വന്യജീവി വകുപ്പിന്റെ 2022-23-ലെ വനമിത്ര പുരസ്കാരം മാതൃഭൂമി സീഡിനു സമർപ്പിച്ചു. ലോക വനദിനാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ സാമൂഹിക വനവത്കരണവിഭാഗം നടത്തിയ സമ്മേളനത്തിൽ നഗരസഭാധ്യക്ഷ സൗമ്യാരാജിൽനിന്നു മാതൃഭൂമി യൂണിറ്റ് മാനേജർ മനീഷ്‌കുമാർ പുരസ്കാരം ഏറ്റുവാങ്ങി. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ‌
സമ്മേളനം നഗരസഭാധ്യക്ഷ ഉദ്ഘാടനം ചെയ്തു. സാമൂഹിക വനവത്കരണ വിഭാഗം ഫോറസ്റ്റ് കൺസർവേറ്റർ എ.പി. സുനിൽബാബു അധ്യക്ഷനായിരുന്നു. ആലപ്പുഴ എസ്.ഡി. കോളേജ് ജലവിഭവ ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. ജി. നഗേന്ദ്രപ്രഭു മുഖ്യപ്രഭാഷണം നടത്തി.
 വിദ്യാവനങ്ങളുടെ ധാരണാപത്ര സമർപ്പണം ഫോറസ്റ്റ് കൺസർവേറ്റർ എ.പി. സുനിൽബാബു നിർവഹിച്ചു. എഴുപുന്ന ബേർഡേഴ്സുമായി ചേർന്ന് നടത്തിയ വന്യജിവി-ദേശാടനപ്പക്ഷി ഫോട്ടോപ്രദർശനം ‘വിങ്സ് ഓഫ് നേച്ചർ’ നഗരസഭാധ്യക്ഷ ഉദ്ഘാടനം ചെയ്തു. 
മൊബൈൽ ഫോട്ടോഗ്രഫി മത്സരത്തിൽ വിജയികളായ സ്കൂൾകുട്ടികൾക്ക് പുരസ്കാരങ്ങളും നൽകി. 
വാർഡ് കൗൺസിലർ  റീഗോ രാജു, എഴുപുന്ന ബേർഡേഴ്സ് പ്രസിഡന്റ് ബി. സുമേഷ്, ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ കെ. സജി, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അജയകുമാർ എന്നിവർ പ്രസംഗിച്ചു.

April 01
12:53 2023

Write a Comment

Related News